കൊച്ചി
അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടന് സഹൃദയകേരളം വിട നൽകി. ഞായർ രാവിലെ 10 മുതൽ പകൽ രണ്ടുവരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ശിഷ്യരും സുഹൃത്തുക്കളും സാഹിത്യ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലുള്ളവരടക്കം നിരവധിപേരും അന്ത്യാഞ്ജലി അർപ്പിച്ചു.
സംസ്ഥാന സർക്കാരിനുവേണ്ടി എഡിഎം എസ് ഷാനവാസ് റീത്ത് സമർപ്പിച്ചു. പകൽ 2.30ന് രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ അമൽ നീരദും മകൾ അനുപയുംചേർന്ന് ചിതയ്‌ക്ക് തീ കൊളുത്തി. 23 വർഷം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം, സാഹിത്യപ്രവർത്തക സഹകരണ സംഘം ഭരണസമിതി, കേരള സർക്കാർ സാംസ്കാരികവകുപ്പ് ഉപദേശകസമിതി, ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർബോർഡ്, എംജി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണസമിതി, വിശ്വവിജ്ഞാനകോശം പത്രാധിപസമിതി എന്നിവയിലും അംഗമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനി പകൽ 2.50നായിരുന്നു അന്ത്യം.
നടൻ മമ്മൂട്ടി, പ്രൊഫ. എം കെ സാനു, എൻ എസ് മാധവൻ, സുനിൽ പി ഇളയിടം, അഡ്വ. സെബാസ്റ്റ്യൻ പോൾ, കെ വി തോമസ്, ആർ അനിൽകുമാർ, സി എം ദിനേശ്-മണി, കെ ചന്ദ്രൻപിള്ള, സുരേഷ് കുറുപ്പ്, കെ എസ് രാധാകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ഇ പി ഉണ്ണി, മേയർ എം അനിൽകുമാർ, ഹെെബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, കെ ബാബു, ഉമ തോമസ്, സിനിമ–-സാംസ്‌കാരിക പ്രവർത്തകരായ ബി ഉണ്ണിക്കൃഷ്ണൻ, രൺജി പണിക്കർ, മനോജ് കെ ജയൻ, ആഷിക് അബു, സമീർ താഹിർ, ദിലീഷ് പോത്തൻ, വേണു, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഇർഷാദ്, സാബു ജോൺ, ആന്റോ ജോസഫ്, ശ്രീജിത് ദിവാകരൻ, ഉണ്ണി ആർ, മഹേഷ് നാരായണൻ, രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, മാല പാർവതി, ജയസൂര്യ, രമേഷ് പിഷാരടി, ഷെയ്ൻ നിഗം, ജിനു ജോസഫ്, നാദിർഷ, ശ്രിന്ദ, അനുമോൾ, ഫർഹാൻ ഫാസിൽ, ജസ്റ്റിസ് ഷാജി പി ചാലി, സിഐസിസി ജയചന്ദ്രൻ, ശ്രീമൂലനഗരം മോഹൻ, പി കെ ഹരികുമാർ തുടങ്ങിയവർ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
മഹാരാജാസ് കോളേജിലെ പൂർവവിദ്യാർഥികളും അധ്യാപകരും അന്തിമോപചാരമർപ്പിച്ചു. "ദേശാഭിമാനി'ക്കുവേണ്ടി അസോസിയറ്റ് എഡിറ്റർ സി ശ്രീകുമാർ, കൊച്ചി ന്യൂസ് എഡിറ്റർ എ ശ്യാം എന്നിവർ പുഷ്‌പചക്രം സമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..