26 April Friday

കണ്ണൂർ സർവകലാശാലാ നിയമനശുപാർശ പുനഃപരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

കൊച്ചി> കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ പുനഃപരിശോധിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌. പ്രിയക്ക്‌ യുജിസി മാനദണ്ഡപ്രകാരമുള്ള അധ്യാപനപരിചയം ഇല്ലെന്ന് വിലയിരുത്തിയ കോടതി, റാങ്ക്‌പട്ടിക പുനക്രമീകരിക്കാനും ഉത്തരവിട്ടു.  സർവകലാശാലകളിലെ അധ്യാപക നിയമനത്തിന്‌ യുജിസി മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ വ്യക്തമാക്കിയാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്‌. താൽക്കാലിക റാങ്ക്‌പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള ചങ്ങനാശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഒന്നാംസ്ഥാനക്കാരിയായ പ്രിയ വർഗീസിന്റെ  നിയമനശുപാർശ ചോദ്യംചെയ്ത് കോടതിയിലെത്തിയത്. 

യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ എട്ടുവർഷത്തെ അധ്യാപനപരിചയം ആവശ്യമാണ്‌. അത്‌ പ്രിയ വർഗീസിന്‌ ഇല്ലെന്ന് കോടതി വിലയിരുത്തി. ഗവേഷണകാലയളവ് അധ്യാപനപരിചയമായി കണക്കാക്കാനാകില്ല. പ്രിയ മുഴുവൻസമയ റിസർച്ച് സ്കോളറായിരുന്നുവെന്നും ഗവേഷണകാലത്ത് അധ്യാപികയായി ജോലി ചെയ്തിട്ടില്ലെന്നും കോടതി വിലയിരുത്തി. കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ്‌ സർവീസസ് ഡയറക്ടറായിരുന്ന കാലവും അധ്യാപനകാലമായി കണക്കാക്കാനാകില്ല. സ്റ്റുഡന്റ്‌സ്‌ ഡയറക്ടർ പദവി അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്തികയ്ക്ക് തുല്യമല്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്‌റ്റന്റ്‌ ഡയറക്ടറായിരുന്ന കാലവും കോടതി അധ്യാപനകാലമായി പരിഗണിച്ചില്ല. ഇക്കാലയളവ് നിയമനത്തിന്‌ പരിഗണിച്ച സ്ക്രൂട്ടിനി കമ്മിറ്റിയെ കോടതി വിമർശിക്കുകയും ചെയ്‌തു.   

കഴിഞ്ഞദിവസം കേസിലെ വാദത്തിനിടെ നടത്തിയ കുഴിവെട്ട് പരാമർശം ഓർമയില്ലെന്ന് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിയിൽ പറഞ്ഞത് അവിടെത്തന്നെ അവസാനിപ്പിക്കണമെന്നും നിർദേശിച്ചു. എൻഎസ്എസ് കോ–-ഓർഡിനേറ്ററായിരുന്ന കാലം അധ്യാപനപരിചയമാകില്ലെന്ന് വ്യക്തമാക്കാനാണ്‌, കുഴിവെട്ടിയ കാലം അധ്യാപനകാലമാകില്ല എന്ന പരാമർശം നടത്തിയതെന്നും കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top