19 April Friday

വിലക്കയറ്റം കുറവ്‌ കേരളത്തിൽ ; നാണ്യപ്പെരുപ്പ നിരക്ക്‌ 5.08 ശതമാനംമാത്രം

റിസേർച്ച് ഡെ‍സ്‍ക്Updated: Tuesday May 17, 2022


തിരുവനന്തപുരം
രാജ്യത്ത്‌  വിലക്കയറ്റം ഏറ്റവും കുറവ്‌ കേരളത്തിൽ. ഏപ്രിലിലെ ഉപഭോക്‌തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക്‌ 7.79 ശതമാനമാണ്‌–- എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്‌. മാർച്ചിൽ 6.95 ശതമാനമായിരുന്നു. കേരളത്തിൽ 5.08 ശതമാനംമാത്രം. തൊട്ടുപിന്നിൽ തമിഴ്‌നാട്‌ (5.4 ശതമാനം). 13 സംസ്ഥാനത്ത്‌ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്‌. നാലു സംസ്ഥാനത്താകട്ടെ ഒമ്പത്‌ ശതമാനമോ അതിനു മുകളിലോ ആണ്‌ വിലക്കയറ്റമെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്‌ വ്യാഴാഴ്‌ച പുറത്തുവിട്ട കണക്ക്‌ വ്യക്തമാക്കുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റമാണ്‌ നാണ്യപ്പെരുപ്പം കുതിച്ചുയരാൻ പ്രധാന കാരണം. ധാന്യങ്ങളുടെ വിലക്കയറ്റം 21  മാസത്തെ ഏറ്റവും ഉയർന്ന തോതിലാണ്‌. തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയും ഉയർന്നു. പശ്ചിമബംഗാളും മധ്യപ്രദേശുമാണ്‌ വിലക്കയറ്റ നിരക്കിൽ മുന്നിൽ–- 9.1 ശതമാനം. ഹരിയാനയിലും തെലങ്കാനയിലും വിലക്കയറ്റം ഒമ്പത്‌ ശതമാനത്തിനു മുകളിലാണ്‌. മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ എട്ടു ശതമാനത്തിനു മുകളിലും.

ദേശീയാടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിലാണ്‌ നാണ്യപ്പെരുപ്പ നിരക്ക്‌ കൂടുതൽ– -8.38 ശതമാനം. നഗരമേഖലയിൽ 7.09 ശതമാനവും. 17 സംസ്ഥാനത്ത്‌ ഇതാണ്‌ സ്ഥിതി. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്‌, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഗ്രാമീണമേഖലയിലെ വിലക്കയറ്റം ഏപ്രിലിൽ രണ്ടക്കത്തിലാണ്‌. എന്നാൽ, കേരളത്തിൽ ഗ്രാമീണ മേഖലയിൽ വിലക്കയറ്റ നിരക്ക്‌ കൂടുതലും നഗരങ്ങളിൽ കുറവുമാണ്‌. 

അവശ്യ സാധനങ്ങൾക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്‌തൃ സംസ്ഥാനമെന്ന നിലയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകേണ്ടത്‌ കേരളത്തിലാണ്‌. ഇന്ധന വിലവർധനമൂലമുള്ള കടത്തുകൂലി കൂടിയതും ഭക്ഷ്യധാന്യ വിലക്കയറ്റവും ഏറ്റവും ദോഷകരമായി ബാധിച്ചിരുന്നതും സംസ്ഥാനത്തെയാണ്‌. ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുമ്പോഴും കേരളത്തിൽ അത്‌ പിടിച്ചുനിർത്താനാകുന്നത്‌ എൽഡിഎഫ്‌ സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടുന്നതുകൊണ്ടാണ്‌. സിവിൽ സപ്ലൈസ്‌ കോർപറേഷനും കൺസ്യൂമർ ഫെഡും  തെരഞ്ഞെടുക്കപ്പെട്ട നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നു. ഉത്സവ സീസണിൽ പ്രത്യേക വിൽപ്പനകേന്ദ്രങ്ങളും തുറക്കുന്നു. വിലക്കയറ്റം തടയാനുള്ള  വിപണി ഇടപെടലിനുമാത്രമായി സംസ്ഥാന സർക്കാർ  നടപ്പുവർഷത്തെ ബജറ്റിൽ 2000 കോടി രൂപയിലേറെ നീക്കിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top