തിരുവനന്തപുരം
നിയമസഭ പാസാക്കിയ ബിൽ അനിശ്ചിതമായി തടഞ്ഞുവയ്‌ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് നടത്താൻ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ സേവനം തേടും. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭ വിശദമായ ചർച്ചയ്‌ക്കുശേഷം പാസാക്കിയ എട്ട് ബിൽ ഗവർണറുടെ മുന്നിലാണ്. നീണ്ട കാലയളവിനുശേഷവും ഇവ നിയമമായിട്ടില്ല.
ബില്ലുകളിൽ കാലവിളംബം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദർശിച്ച് നൽകി. അതിനുശേഷവും തീരുമാനമുണ്ടായില്ല. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തിൽപ്പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതുകാരണം, സർവകലാശാലകളിലെ വിസി നിയമനം സ്തംഭിച്ചു. പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സമീപനം ഭരണഘടനാനുസൃതമാണെന്ന് ശരിയായി ചിന്തിക്കുന്ന ആർക്കെങ്കിലും പറയാൻ കഴിയുമോ.തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ഗവർണർ വിവേചനാധികാരമുള്ള മേഖലകളിലൊഴികെ പ്രവർത്തിക്കേണ്ടതെന്ന് വ്യക്തം.
പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, നിയമസഭ പാസാക്കുന്ന ബിൽ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്നു തോന്നിയാൽ കുറ്റപ്പെടുത്താനാകില്ല. ഭരണഘടനയ്‌ക്ക് വിരുദ്ധമായ ഭാഗം ബില്ലിലുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കുന്ന വകുപ്പ് പാസാക്കപ്പെട്ട ബില്ലിലുണ്ടെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും ഗവർണർക്ക് അവകാശമുണ്ട്. പക്ഷേ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾക്ക് കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
തെലങ്കാന, തമിഴ്നാട് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്നം നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..