29 March Friday

യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയില്‍ തൃശൂരും നിലമ്പൂരും; മാതൃകാ പദ്ധതികൾ നടപ്പാക്കും: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 തിരുവനന്തപുരം > യുനെസ്‌കോയുടെ ഗ്ലോബല്‍ ലേണിങ്‌ സിറ്റി (ആഗോളപഠനനഗര) ശൃംഖലയില്‍ തൃശൂര്‍ കോര്‍പ്പറേഷനെയും നിലമ്പൂര്‍ നഗരസഭയേയും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്‌തതിലൂടെ സര്‍ക്കാരിന്റെ വൈജ്ഞാനിക നിലപാടുകളാണ്‌  ആംഗീകരിക്കപ്പെട്ടതെന്ന്‌ തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ആഗോളപഠനനഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍, ആഗോളപഠനനഗരപദ്ധതിയിലേക്ക്‌   തൃശൂരിനേയും  നിലമ്പൂരിനേയും  ശുപാര്‍ശ ചെയ്യുകയായിരുന്നു.  തൃശൂര്‍ കോര്‍പ്പറേഷനില്‍ കിലയും തൃശൂര്‍ എൻജിനിയറിങ്‌ കോളേജിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ് പ്ലാനിങും സംയുക്തമായാണ് ആഗോളപഠനനഗരമാക്കി മാറ്റുന്നത്. പത്ത് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക. നിലമ്പൂരില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള വിജ്ഞാനകേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും.

കേരളത്തിലെ മറ്റ് നഗരങ്ങളെയും ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ കിലയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കും.  കൊച്ചി കേര്‍പ്പറേഷനെ സിറ്റി ഓഫ് ഡിസൈന്‍ പദവിയിലേക്ക് ഉയര്‍ത്താനും കോഴിക്കോട് കോര്‍പ്പറേഷനെ സിറ്റി ഓഫ് ലിറ്ററേച്ചര്‍ ആക്കി മാറ്റാനും കണ്ണൂര്‍ കോര്‍പ്പറേഷനെ സിറ്റി ഓഫ് ക്രാഫ്റ്റ് ആന്റ് ഫോക്കായും ഉയര്‍ത്താന്‍ യുനെസ്‌കോയുമായി സഹകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനെ സിറ്റി ഓഫ് പീസ് ആക്കി മാറ്റുവാന്‍ യുഎന്‍എസ്‌ഡിജിയുമായും കൊല്ലം കോര്‍പ്പറേഷനെ ബയോഡൈവര്‍ സിറ്റിയാക്കി മാറ്റാന്‍ ഐയുസിഎന്നുമായും സഹകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്തെ വൈജ്ഞാനിക സാമ്പത്തിക സമൂഹമാക്കി മാറ്റുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവരില്‍ നിന്നുമുള്ള പിന്തുണയും ഉണ്ടാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top