19 April Friday
ഉന്നതതല യോഗം ചേർന്നു

സജ്ജമാക്കും പ്രത്യേക സ്‌ക്വാഡുകൾ; ഒഴിവാക്കും വെള്ളക്കെട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി> മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മേയർ എം അനിൽകുമാറിന്റെയും കലക്ടർ എൻ എസ്‌ കെ ഉമേഷിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.മഴമുന്നറിയിപ്പ് ലഭിക്കുന്നതുമുതൽ വകുപ്പുകൾ ഏകോപിപ്പിച്ച്‌ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. സിഎസ്എംഎൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുടങ്ങും. ഓരോ വകുപ്പിന്റെയും നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൺട്രോൾ റൂം വഴി വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കും. വകുപ്പുകൾ പ്രത്യേകം സ്ക്വാഡുകൾ തയ്യാറാക്കും. ഉപകരണങ്ങൾ ഉൾപ്പെടെ എത്തിച്ച് വെള്ളക്കെട്ട് നിവാരണം നടത്തും.


വാട്ടർ അതോറിറ്റി മുല്ലശേരി കനാലിൽ നടത്തുന്ന ജോലികൾ മൂന്നുരാത്രികൊണ്ട് പൂർത്തിയാക്കും. ഇതിന്‌ രാത്രി ഗതാഗതനിയന്ത്രണം ഉൾപ്പെടെയുള്ളവയിൽ പൊലീസ് സഹായിക്കും. വ്യാപാരികൾ ചൂണ്ടിക്കാണിച്ചതും വെള്ളക്കെട്ട് കൂടുതലുള്ളതുമായ ബ്രോഡ്‌വേ, ജ്യൂ സ്ട്രീറ്റ് പോലുള്ള പ്രദേശങ്ങളിൽ അടിയന്തര സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കും. റെയിൽവേ കൽവെർട്ടിന് കണ്ണച്ചൻ തോടുമായി ബന്ധം നഷ്ടപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. എല്ലാ കൽവെർട്ടുകളിലും നഗരസഭയും റെയിൽവേയും അമിക്കസ്‌ ക്യൂറിയും ഇറിഗേഷൻ വകുപ്പും ചേർന്ന് പരിശോധന നടത്തും. റിപ്പോർട്ട് റെയിൽവേക്കും ഹൈക്കോടതിക്കും നൽകും. എംജി റോഡ് കാനകളിലെ പ്രവൃത്തി പിഡബ്ല്യുഡി വൈകാതെ പൂർത്തിയാക്കും. നഗരസഭ വാങ്ങിയ സക്‌ഷൻ കം ജെറ്റിങ്‌ മെഷീൻ ഉപയോഗിച്ച് കാനകൾ വൃത്തിയാക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും.


സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ രണ്ട് ഹൈപവർ പമ്പുകൾ വെള്ളക്കെട്ട് അനുഭവപ്പെടാൻ സാധ്യതയുള്ള ജഡ്ജസ് അവന്യു, മുല്ലശേരി കനാൽ റോഡ് എന്നീ ഭാഗങ്ങളിൽ പ്രവർത്തിപ്പിക്കും. ഇതിന്റെ ചുമതല അഗ്നി രക്ഷാസേനയ്‌ക്കായിരിക്കും. ഓരോ വകുപ്പും സ്വീകരിച്ച നടപടികൾ ആഴ്ചതോറും കലക്ടർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top