03 July Sunday

വിലക്കയറ്റം : മോദി സർക്കാർ അടിച്ചേൽപ്പിച്ച നികുതികൾ പിൻവലിക്കണം : പ്രകാശ്‌ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


തിരുവനന്തപുരം
രൂക്ഷമായ വിലക്കയറ്റത്തിൽനിന്ന്‌ ആശ്വാസം ലഭിക്കാൻ മോദി സർക്കാർ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച നികുതികൾ പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ പഠന ക്യാമ്പിന്റെ ഭാഗമായി പേയാട് സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എട്ടു വർഷത്തിനിടെ പെട്രോളിനും ഡീസലിനുമുള്ള നികുതി കുത്തനെ കൂട്ടിയതാണ്‌ വിലക്കയറ്റം രൂക്ഷമാക്കിയത്‌. കേന്ദ്ര സർക്കാർ അധികമായി അടിച്ചേൽപ്പിച്ച അഡീഷണൽ എക്‌സൈസ്‌ ഡ്യൂട്ടിയും സർചാർജും പിൻവലിക്കണം. വിലക്കയറ്റത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്നതിനു പകരം കോർപറേറ്റുകളുടെ കടബാധ്യതകളാണ്‌ കേന്ദ്രം എഴുതിത്തള്ളുന്നത്‌. സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്‌ക്കണമെന്നാണ്‌ കേന്ദ്രം പറയുന്നത്‌. കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ ആറു വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയരണമെന്നും കാരാട്ട് പറഞ്ഞു.

കെഎസ്‌കെടിയു സംസ്ഥാന  വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കിട്‌, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, പ്രസിഡന്റ്‌ എൻ ആർ ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ആർ പി ശിവജി സ്വാഗതവും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ നന്ദിയും പറഞ്ഞു.

ഹിന്ദുരാഷ്ട്ര നിർമാണത്തിന്‌
ബോധപൂർവമായ ശ്രമം
ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കി, ഇന്ത്യയെ പരിപൂർണമായി ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ബോധപൂർവ ശ്രമമാണ്‌ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച ദേശീയ പഠനക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനാകില്ലെന്ന്‌ 1991ലെ മതാരാധന നിയമത്തിലുണ്ട്‌. 1947 ആഗസ്ത്‌ 15നുശേഷം ബാബ്‌റി മസ്ജിദ്‌ ഒഴികെ മറ്റ്‌ ആരാധനാലയങ്ങൾക്കൊന്നും രൂപമാറ്റം വരുത്തിയിട്ടില്ല. 91ലെ നിയമം നിലനിൽക്കുന്നതായി അയോധ്യ കേസിന്റെ അന്തിമവിധിയിൽ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, വാരാണസിയിലെ ജ്ഞാൻവാപി, മഥുരയിലെ ഈദ്‌ഗാഹ്‌ എന്നിവ സംബന്ധിച്ചുള്ള കോടതി വ്യവഹാരങ്ങൾ ഈ നിയമത്തിന്‌ ഘടകവിരുദ്ധമാണ്‌. ആ നിയമത്തിന്‌ വിരുദ്ധമായാണ്‌ യുപിയിലെ കോടതികൾ ഹർജികൾ സ്വീകരിച്ചതും.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്ലിങ്ങൾക്കും അവരുടെ അവകാശങ്ങൾക്കും എതിരായ അതിക്രമമാണ്‌ നടക്കുന്നത്‌. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെയാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. ലവ്‌ജിഹാദ്‌, ഹിജാബ്‌, ഹലാൽ മാംസം, മതപരിവർത്തനം തുടങ്ങിയവയുടെ പേരിലെല്ലാം മുസ്ലിങ്ങളും അവരുടെ സ്വത്വവും അവകാശങ്ങളും ആക്രമിക്കപ്പെടുന്നെന്നും കാരാട്ട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top