19 April Friday

കോൺഗ്രസ്‌ സങ്കുചിത നിലപാട്‌ 
ഉപേക്ഷിക്കണം : പ്രകാശ്‌ കാരാട്ട്‌

പ്രത്യേക ലേഖകൻUpdated: Friday May 19, 2023


കണ്ണൂർ
ബിജെപി സർക്കാരിനെ താഴെയിറക്കാൻ സങ്കുചിതവും നിന്ദ്യവുമായ രാഷ്ട്രീയതാൽപ്പര്യങ്ങൾ കോൺഗ്രസ്‌ ഉപേക്ഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക്‌ കേരള, തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത്‌. എങ്കിലും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ പങ്കെടുക്കും. കാരണം, ബിജെപിക്കെതിരായ വിശാല പ്ലാറ്റ്‌ഫോം ഉയർന്നുവരണമെന്ന ശക്തമായ നിലപാടാണ്‌ പാർടിക്കുള്ളത്‌. ഇ കെ നായനാർ ചരമവാർഷികത്തോടനുബന്ധിച്ച്‌ കണ്ണൂർ നായനാർ അക്കാദമിയിൽ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സർക്കാരുകളാണ്‌ കേരളത്തിലും തെലങ്കാനയിലുമുള്ളത്‌. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാൻ പോകുകയാണ്‌. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബിജെപിക്കെതിരായ പോരാട്ടമായാണ്‌ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന്‌ പ്രഖ്യാപിച്ചു. എന്നിട്ടും അദ്ദേഹത്തെ ക്ഷണിക്കാൻ തയ്യാറായില്ല. കേരളത്തിൽ ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കുന്നത്‌ സിപിഐ എമ്മും എൽഡിഎഫും സംസ്ഥാന സർക്കാരുമാണ്‌. പക്ഷേ, ഈ രണ്ട്‌ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ മുഖ്യശത്രു ബിജെപി അല്ലാതാകുന്നു. വിവിധ പ്രതിപക്ഷ പാർടികളോട്‌ കോൺഗ്രസ്‌ സ്വീകരിക്കുന്ന ഈ സമീപനം മാറ്റാൻ തയ്യാറാകണം.

ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ്‌ കർണാടകത്തിൽ നടന്നത്‌. രാഷ്ട്രീയമായും പ്രത്യയശാസ്‌ത്രപരമായും ബിജെപിക്ക്‌ നല്ല അടിത്തറയുള്ള സംസ്ഥാനത്ത്‌ അവരെ തോൽപ്പിക്കാൻ കഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രഭരണത്തിൽനിന്ന്‌ ബിജെപിയെ താഴെയിറക്കാൻ കഴിയുമെന്ന്‌ ഇതോടെ വ്യക്തമായിരിക്കുന്നു. അതിന്‌ ഇച്ഛാശക്തിയോടെയുള്ള സമീപനമാണ്‌ എല്ലാ രാഷ്ട്രീയ പാർടികളും സ്വീകരിക്കേണ്ടത്‌.

 ദേശീയതലത്തിൽ ബിജെപിയെ ഒറ്റയ്‌ക്ക്‌ നേരിടാൻ കോൺഗ്രസിന്‌ കഴിയില്ല. അതേസമയം, മിക്ക സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാൻ കരുത്തുള്ള പ്രാദേശിക പാർടികളുണ്ട്‌. അത്തരം പാർടികളുടെ യോജിപ്പാണ്‌ ആവശ്യം. അതിന്‌ സിപിഐ എം മുന്നോട്ടുവയ്‌ക്കുന്നത്‌ മൂന്ന്‌ നിർദേശങ്ങളാണ്‌. ബിജെപിയുടെ രാഷ്ട്രീയ–-സാമ്പത്തിക നയങ്ങൾക്കെതിരെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ ബദൽ നയങ്ങൾ ഉണ്ടാകണം, ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ എല്ലാവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച്‌ പ്രക്ഷോഭ ഐക്യനിര കെട്ടിപ്പടുക്കണം, ഓരോ സംസ്ഥാനത്തും ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന പ്രാദേശിക പാർടികളുമായി സഹകരിക്കണം എന്നിവയാണത്‌–- കാരാട്ട്‌ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top