17 April Wednesday

സംസ്ഥാനത്ത്‌ 18 വയസ്സിനു മുകളിൽ 2.67 കോടി പേർ; കേന്ദ്രം ജനസംഖ്യ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 2.87 കോടിയിൽനിന്ന്‌ 2.67 കോടിയാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി നിശ്ചയിച്ചു. രജിസ്ട്രാർ ജനറൽ ഓഫീസിന്റെയും സെൻസസ് കമീഷണറുടെയും റിപ്പോർട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടെയും പ്രതീക്ഷിത ജനസംഖ്യ പുതുക്കി. 2011ന് ശേഷം രാജ്യത്ത്‌ സെൻസസ്‌ നടത്തിയിട്ടില്ല.

2021ലെ പ്രതീക്ഷിത ജനസംഖ്യ അനുസരിച്ച് 2.87 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകേണ്ടതെന്നാണ് നേരത്തേ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ ജനസംഖ്യ പ്രകാരം അത് 2,67,09,000 ആയി കുറഞ്ഞു. ഈ മാനദണ്ഡം അനുസരിച്ച്‌ 18നും 44നും ഇടയിൽ പ്രായമുള്ളവർ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസ്സിനു മുകളിൽ 58,53,000 ആയും കുറഞ്ഞു.

പുതുക്കലിൽ ആദ്യ*ഡോസ് എടുത്തവർ 88.94 ശതമാനമായി

പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത്‌ ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ 88.94 ശതമാനമായും (2,37,55,055) രണ്ട്‌ ഡോസെടുത്തവർ 36.67 ശതമാനമായും (97,94,792) ഉയർന്നു. ആകെ 3,35,49,847 ഡോസ് വാക്‌സിനാണ്‌ ഇതുവരെ വിതരണം ചെയ്തത്‌. ഇനി 29 ലക്ഷത്തോളം പേർക്കുമാത്രമേ ആദ്യ ഡോസ് വാക്‌സിൻ നൽകാനുള്ളൂ. തിരക്ക് കുറവായതിനാൽ എല്ലാവരും വേഗം വാക്‌സിൻ എടുക്കണമെന്ന്‌ മന്ത്രി അറിയിച്ചു. ഞായറാഴ്ച രണ്ട്‌ ലക്ഷത്തോളം പേർക്കുകൂടി രണ്ടാം ഡോസ്‌ വിതരണം ചെയ്യാനായാൽ പൂർണ വാക്സിനെടുത്തവരുടെ എണ്ണം ഒരു കോടി കടക്കും.

9,79,370 ഡോസ് എത്തി

സംസ്ഥാനത്തിന് 9,79,370 ഡോസ്  വാക്‌സിൻകൂടി ലഭ്യമായി. എറണാകുളം ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്‌ നൽകി. വയനാട്‌, പത്തനംതിട്ട ജില്ലകളിൽ 98 ശതമാനംപേരും ആദ്യഡോസ്‌ എടുത്തു.  91 ശതമാനംപേർ വാക്സിനെടുത്ത ഇടുക്കി, തിരുവനന്തപുരം ജില്ലകളാണ്‌ മൂന്നാമത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top