20 April Saturday
ജാമ്യം നൽകുമ്പോൾ നഷ്‌ടപരിഹാരത്തുക 
കെട്ടിവച്ചതായി മജിസ്‌ട്രേട്ടുമാർ ഉപ്പാക്കണം

പോപ്പുലർഫ്രണ്ട്‌ 5.20 കോടി കെട്ടിവയ്‌ക്കണം; അല്ലെങ്കിൽ ഭാരവാഹികളുടെ സ്വത്ത്‌ അടക്കം കണ്ടുകെട്ടും

നിയമകാര്യ ലേഖികUpdated: Thursday Sep 29, 2022


കൊച്ചി
ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട്‌  പ്രവർത്തകർ  നടത്തിയ അക്രമത്തിൽ  കെഎസ്‌ആർടിസിക്കുണ്ടായ നഷ്‌ടം അവരിൽ നിന്ന്‌ തന്നെ ഈടാക്കണമെന്ന്‌        ഹൈക്കോടതി. നഷ്‌ടപരിഹാരമായി  5.20 കോടി രൂപ  രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തരസെക്രട്ടറി മുമ്പാകെ   കെട്ടിവയ്‌ക്കണം. അല്ലങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും പേരിലുള്ള സ്വകാര്യസ്വത്ത്‌ അടക്കം സർക്കാറിന്‌ കണ്ടുകെട്ടാമെന്നും  ജസ്‌റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാരും ജസ്‌റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസും അടങ്ങുന്ന ബെഞ്ച്‌ ഉത്തരവിട്ടു. അറസ്‌റ്റിലായവർക്ക്‌ ജാമ്യം നൽകുമ്പോൾ നഷ്‌ടപരിഹാരത്തുക കെട്ടിവച്ചതായി മജിസ്‌ട്രേട്ടുമാർ ഉപ്പാക്കണം.   

ഹർത്താലിൽ കെഎസ്‌ആർടിസിക്കുനേരെയുണ്ടായ അക്രമം ഉൾപ്പെടെ എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട്‌ (പിഎഫ്‌ഐ) സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൾ സത്താറിനെ പ്രതിയാക്കണം.  ഹർത്താലിനെതിരെ കേരള ചേമ്പർ ഓഫ്‌ കൊമേഴ്‌സ്‌ നൽകിയ ഹർജിയും  അക്രമത്തിലുണ്ടായ നഷ്‌ടങ്ങൾ പിഎഫ്‌ഐയിൽനിന്ന്‌ ഈടാക്കണമെന്നും  ചേമ്പർ ഹർജിയിൽ കക്ഷിചേർക്കണമെന്നും ആവശ്യപ്പെട്ട്‌ കെഎസ്‌ആർടിസിയും നൽകിയ ഹർജിയും പരിഗണിച്ചാണ്‌ കോടതി ഉത്തരവ്‌.

കെട്ടിവയ്‌ക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിം കമീഷണർ മുഖേന നഷ്‌ടം സംഭവിച്ചവർക്ക്‌ നൽകും. നിലവിലുള്ള തുകയേക്കാൾ കൂടുതൽ തുക നഷ്‌ടമുണ്ടായതായി ബോധ്യപ്പെട്ടാൽ ആ അധികതുകയും ക്ലെയിം കമീഷണർക്ക്‌  മുമ്പാകെ കെട്ടിവയ്‌ക്കണം. പി ഡി ശാർങ്‌ഗധരനെ ക്ലെയിം കമീഷണറായി നിയോഗിച്ചതായും കോടതി ഉത്തരവിൽ പറഞ്ഞു. ഹർത്താലിനെതിരെ കോടതി സ്വമേധയാ എടുത്ത കേസും ഇതോടൊപ്പം  പരിഗണിച്ചു. ഹർത്താൽ അക്രമങ്ങൾ തടയാൻ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട്‌ സ്‌റ്റേറ്റ്‌ അറ്റോർണി എൻ മനോജ്‌ കുമാർ  കോടതിയിൽ സമർപ്പിച്ചു. കെഎസ്‌ആർടിസിക്കുവേണ്ടി സ്‌റ്റാൻഡിങ്‌ കൗൺസൽ ദീപു തങ്കൻ ഹാജരായി.

687 പേരെ കരുതൽ തടങ്കലിലാക്കി
ഹർത്താൽ അക്രമത്തിൽ പൊതു, സ്വകാര്യസ്വത്തുക്കൾ നശിപ്പിച്ചതിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായി സംസ്ഥാനസർക്കാർ അറിയിച്ചു. അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്‌ 687 പേരെ കരുതൽ തടങ്കലിൽ സൂക്ഷിച്ചു.  1992 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 487 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. പിഎഫ്ഐ പ്രവർത്തകർ റോഡുകൾ അടയ്‌ക്കുകയും വാഹനഗതാഗതം തടയുകയും കാൽനടയാത്രക്കാരെയും വാഹനങ്ങളും കടകളും ആക്രമിച്ചു. ചിലയിടങ്ങളിൽ ബോംബ്‌ എറിഞ്ഞു. 5.06 കോടി രൂപ കെഎസ്‌ആർടിസിക്കും 12,31,800 രൂപ സംസ്ഥാനസർക്കാരിനും നഷ്‌ടമുണ്ടായതായും റിപ്പോർട്ടിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top