തിരുവനന്തപുരം
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അഴിച്ചുവിട്ട അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ സംസ്ഥാന വ്യാപകമായി സംഘടനയുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടൽ നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 11 ജില്ലകളിലായി 200ലേറെ സ്ഥലങ്ങളിലാണ് ജപ്‌തി ആരംഭിച്ചത്. കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെ കുലശേഖരപുരത്തെ 18 സെന്റും വീടും ഉപകരണങ്ങളും കണ്ടുകെട്ടി. മലപ്പുറത്ത് പിഎഫ്‌ഐ ചെയർമാൻ ഒ എം എ സലാമിന്റെ മഞ്ചേരിയിലെ വീടും ജപ്തി ചെയ്‌തു.
തിരുവനന്തപുരം മണക്കാടുള്ള ട്രിവാൻഡ്രം എഡ്യൂക്കേഷൻ ആൻഡ് സർവീസ് സെൻട്രൽ ട്രസ്‌റ്റ് കണ്ടുകെട്ടി. വർക്കല, നെയ്യാറ്റിൻകര, കാട്ടാക്കട എന്നിവിടങ്ങളിലും നടപടിയുണ്ടായി. കോട്ടയം മീനച്ചിലിൽ മൂന്നുപേരുടെയും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ഒരാളുടെയും പത്തനംതിട്ട കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലായി നാലുപേരുടെയും സ്വത്ത് കണ്ടുകെട്ടി. എറണാകുളത്ത് പോപ്പുലർ ഫ്രണ്ടിന്റെ കീഴിലുള്ള പെരിയാർവാലി ക്യാമ്പസും മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥലവും വീടും ജപ്തി ചെയ്തു.
തൃശൂർ കുന്നംകുളത്ത് അഞ്ചു നേതാക്കളുടെ വീടും എൺപതോളം സെന്റ് സ്ഥലവുമാണ് ജപ്‌തി ചെയ്‌തത്. പാലക്കാട് എൻഐഎ അറസ്റ്റ് ചെയ്ത സംസ്ഥാന സെക്രട്ടറി പട്ടാമ്പി മരുതൂർ ചപ്പങ്ങാത്തൊടി അബ്ദുൾ റൗഫ്, ദേശീയ കൗൺസിൽ അംഗം പട്ടാമ്പി വിളയൂർ മൊയ്തീൻകുട്ടി ഫൈസി തുടങ്ങി 16 പേരുടെ വീട്, സ്ഥലം, കെട്ടിടങ്ങൾ ഉൾപ്പെടെ കണ്ടുകെട്ടി. മലപ്പുറത്ത് 126 ഇടങ്ങളിൽ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി. മഞ്ചേരി, തിരുന്നാവായ, വളാഞ്ചേരി എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ കണ്ടുകെട്ടി.
വയനാട് ജില്ലയിൽ 14 പേരുടെയും കണ്ണൂരിൽ എട്ടുപേരുടെയും സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി. കാസർകോട് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്റെ 30 സെന്റ് സ്ഥലവും വീടുമടക്കം മൂന്നിടത്ത് ജപ്‌തി നടപടി തുടരുന്നു. ശനിയാഴ്‌ചയ്‌ക്കകം പൂർത്തിയാകും. കണക്കുകൾ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..