തിരുവനന്തപുരം
കേന്ദ്ര നിരോധത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ നിയമാനുസൃത നടപടികളുമായി സംസ്ഥാന സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വന്നയുടൻ തുടർ നടപടികളെടുത്തിരുന്നു. ഇതിനുള്ള നിയമനടപടി സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേട്ടുമാർക്കും ജില്ലാ –- സിറ്റി പൊലീസ് മേധാവിമാർക്കും നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി. പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലുമായി ബന്ധപ്പെട്ടും അറസ്റ്റും കരുതൽ തടങ്കലുമടക്കമുണ്ടായി. 2242 പിഎഫ്‌ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. രാജ്യത്തെ ഉയർന്ന കണക്കാണിത്.
പിഎഫ്‌ഐക്ക് വേരോട്ടമുള്ള ഡൽഹി, കർണാടക, യുപി, ബിഹാർ സംസ്ഥാനങ്ങളിൽ അതിവേഗ നടപടികളുണ്ടായിട്ടില്ല. അക്രമ ഹർത്താലിന് വൻതുക നഷ്ടപരിഹാരം ഈടാക്കണമെന്നാണ് സർക്കാർ നിലപാട്. അതിന്റെ ഭാഗമായാണ് 5.2 കോടി രൂപ ഈടാക്കണമെന്നും പിഴത്തുക ആഭ്യന്തരവകുപ്പിൽ കെട്ടിവയ്ക്കാതെ ഒരാൾക്കും ജാമ്യം നൽകരുതെന്നും മജിസ്‌ട്രേട്ട് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്. എന്നിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ളവർ സർക്കാരിനെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിക്കുകയാണ്. വേട്ടയാടലല്ല, മറിച്ച് നിയമനടപടികളാണ് വേണ്ടതെന്നാണ് എൽഡിഎഫ് നയം. എന്നാൽ അക്രമങ്ങളോടും തീവ്രവാദ സംഘങ്ങളോടും വിട്ടുവീഴ്‍ചയുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പിഎഫ്‌ഐ ഓഫീസുകൾപൂട്ടി
സംസ്ഥാനത്തെങ്ങും പിഎഫ്‌ഐ ഓഫീസുകളും അനുബന്ധ സംഘടനാ ഓഫീസുകളും പൊലീസിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. കോഴിക്കോട്ടെ പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസ് എൻഐഎ ഏറ്റെടുത്തു. ക്യാമ്പസ് ഫ്രണ്ടിന്റെ ചക്കുകടവിലെ സംസ്ഥാന കമ്മിറ്റി ഓഫീസും പൊലീസ് പൂട്ടി മുദ്രവച്ചു. എ ജി റോഡിലെ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസ്, ഇസ്ലാമിക് യൂത്ത് സെന്ററിലെ രണ്ട് ഓഫീസുകൾ എന്നിവക്കും പൂട്ടിട്ടു. കുറ്റ്യാടിയിലെ ഓഫീസിലും പൊലിസ് മുദ്രവെച്ചു.
പൂട്ടി സീൽ വെച്ച മറ്റ് ഓഫീസുകൾ: വയനാട് മാനന്തവാടിയിലെ ജില്ലാ കമ്മിറ്റി ഓഫീസ്, റിപ്പൺ പുതുക്കാടുള്ള ഓഫീസ്, ആലുവ പെരിയാർവാലി ക്യാമ്പസ്, എറണാകുളം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ്, പെരുമ്പാവൂർ വെങ്ങോല പോഞ്ഞാശേരിയിൽ കടവിൽ ടവേഴ്സിൽ ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ്, ക്യാമ്പസ് ഫ്രണ്ട്, നാഷണൽ വിമൺസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസുകൾ, തിരുവനന്തപുരം മണക്കാട് പാങ്ങോട്, നെടുമങ്ങാട്, ബാലരാമപുരം ഓഫീസുകൾ, കൊല്ലം പള്ളിമുക്കിലെ പിഎഫ്‌ഐ ജില്ലാകമ്മിറ്റി ഓഫീസ്, അഞ്ചൽ കൈതാടിയിലെ മേഖലാ ഓഫീസ്, കരുനാഗപ്പള്ളി പുതിയകാവ് ദക്ഷിണമേഖലാ ഓഫീസ്, പത്തനംതിട്ട പന്തളം കുരമ്പാല തോന്നല്ലൂർ മുറിയിൽ ഉളമയിലിലെ കെട്ടിടം, തൈക്കാവിലെ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടവും അടൂർ പറക്കോട് വ്യാപാര ഭവന് സമീപത്തെ ഓഫീസും , ആലപ്പുഴയിലെ വെള്ളക്കിണർ വലിയമരം, മണ്ണഞ്ചേരി ഓഫീസുകൾ , കോട്ടയം കുമരകം, ചങ്ങനാശേരി, കറുകച്ചാൽ, മുണ്ടക്കയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഓഫീസുകൾ, തൃശൂർ ചാവക്കാട്ടെ ജില്ലാ കമ്മിറ്റി ഓഫീസ് , പാലക്കാട് പുതുപ്പള്ളിത്തെരുവിലെ കെട്ടിടം, മലപ്പുറം രണ്ടത്താണി പൂവൻചിനയിലെ ജില്ലാ ഓഫീസായ മലബാർ ഹൗസ്, വാഴക്കാട് എളമരത്തെ നെസ്‌റ്റ് ചാരിറ്റബിൾ ട്രസ്‌റ്റ് ഓഫീസായ നെസ്‌റ്റ് വില്ല, വഴിക്കടവ് മുരിങ്ങമുണ്ടയിലെ സീഗ ഗൈഡൻസ് സെന്റർ, തേഞ്ഞിപ്പലം കോഹിനൂരിലെ കീൻ ചാരിറ്റബിൾ ട്രസ്‌റ്റ് ഓഫീസ്, മഞ്ചേരി കുത്തുകൽ റോഡിലെ റിഹാബ് ഫൗണ്ടേഷൻ ഓഫീസ്, പെരിന്തൽമണ്ണ താഴെക്കൊട്ടെ ഹ്യൂമൻ വെൽഫെയർ ട്രസ്‌റ്റ് ഓഫീസ്, തലശേരി, മയ്യിൽ പാമ്പുരുത്തി, ഇരിട്ടി പുന്നാട്, ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം, തൊടുപുഴ കുമ്മംകൽ എന്നിവിടങ്ങളിലെ ഓരോ ഓഫീസുകൾ, കാസർകോട്ട് നായന്മാർമൂല–- പെരുമ്പള റോഡിൽ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റ് എന്നപേരിൽ പ്രവർത്തിച്ച ഓഫീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..