19 April Friday

സർക്കാർ ഇടപെടലിൽ എംബിബിഎസ്‌ പ്രവേശനം; പൊന്നാനി കടപ്പുറത്തിന്റെ മുത്ത്‌ ഡോക്‌ടറായി

പി എ സജീഷ്‌Updated: Monday Nov 14, 2022

സുൽഫത്ത്‌

പൊന്നാനി > തിങ്കളാഴ്‌ച സായാഹ്നം പൊന്നാനി തീരത്ത്‌ ആഹ്ലാദത്തിരയടിച്ചു. തീരത്ത്‌ പിച്ചവച്ചു വളർന്ന സുൽഫത്ത്‌ ഡോക്‌ടറായി. സർക്കാർ ചെലവിൽ പഠിച്ച്‌ ഫസ്‌റ്റ്‌ ക്ലാസോടെയാണ്‌ മത്സ്യത്തൊഴിലാളിയായ എഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളുടെ വിജയം. ഉമ്മയേയും ഉപ്പയേയും ചേർത്തുപിടിച്ച്‌ സന്തോഷം പങ്കുവയ്‌ക്കുമ്പോൾ മൂവരുടെയും, കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

‘സർക്കാരിനോട്‌ വളരെയധികം നന്ദിയുണ്ട്. ഈ സർക്കാരാണ്‌ ഞങ്ങടെ മോളെ ഡോക്ടറാക്കിയത്‌’–-ലത്തീഫും ലൈലയും പറഞ്ഞു. സന്തോഷവാർത്ത ആദ്യം അറിയിച്ചത്‌ സുൽഫത്തിനുവേണ്ടി ഇടപെട്ട മുൻ സ്‌പീക്കർപി ശ്രീരാമകൃഷ്‌ണനെയാണ്‌. പത്താം ക്ലാസിൽ മുഴുവൻവിഷയത്തിലും എ പ്ലസ്‌ നേടിയ സുൽഫത്ത്‌ പ്ലസ്ടുവിന്‌ 98.5 ശതമാനം മാർക്കും നേടി. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സയൻസിലുള്ള താൽപ്പര്യം കണ്ടറിഞ്ഞ പൊന്നാനി എംഐ ഗേൾസ്‌ സ്‌കൂളിലെ അധ്യാപകർ പ്രവേശന പരീക്ഷ എഴുതാൻ നിർബന്ധിച്ചു. മികച്ച വിജയം നേടിയ സുൽഫത്ത്‌ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രവേശനം നേടേണ്ടിയിരുന്നത്‌.

എന്നാൽ 11 ലക്ഷം വാർഷിക ഫീസ്‌ കുടുംബത്തിന്‌ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ആഗ്രഹം പാതിവഴിയിലാകുമെന്നായതോടെ അന്നത്തെ പൊന്നാനി എംഎൽഎ പി ശ്രീരാമകൃഷ്‌ണൻ ഇടപെട്ടു. പണം കെട്ടിവയ്‌ക്കുന്നത്‌ നിർബന്ധമാണെന്നായിരുന്നു പ്രവേശന പരീക്ഷാ കമീഷണറുടെ മറുപടി. മത്സ്യത്തൊഴിലാളികളിലെ എസ്‌സി വിദ്യാർഥികൾക്ക് മാത്രമായിരുന്നു ചട്ടപ്രകാരം ആനുകൂല്യത്തിന് അർഹത. വിഷയം സ്‌പീക്കർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മെഡിക്കൽ പ്രവേശനത്തിനുള്ള അവസാന ദിവസങ്ങളായതിനാൽ ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു. മത്സ്യത്തൊഴിലാളി മേഖലയിലെ മുക്കുവ ധീവര വിഭാഗത്തിന് മാത്രം ലഭിച്ചിരുന്ന ആനുകൂല്യം മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും നൽകുന്ന ഉത്തരവ്‌ ഒന്നര മണിക്കൂറിനുള്ളിൽ സർക്കാർ പുറത്തിറക്കി. സുൽഫത്തിനെ മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയിലെ എല്ലാ വിദ്യാർഥികളേയും ചേർത്തുപിടിക്കുന്നതായിരുന്നു സർക്കാർ ഇടപെടൽ. അതു ലക്ഷ്യംകണ്ടു; ഒടുവിൽ സുൽഫത്ത്‌ ഡോക്ടറായി. സുഹൈബ്, നൂറുൽ ഫിദ എന്നിവരാണ്‌ സുൽഫത്തിന്റെ സഹോദരങ്ങൾ.

കൈപിടിച്ചത്‌ സർക്കാർ

ഡോക്‌ടർ ആവണമെന്നത്‌ വലിയ ആഗ്രഹമായിരുന്നുവെങ്കിലും സാധിക്കുമെന്ന് കരുതിയില്ല. സർക്കാരാണ് കെപിടിച്ചത്. പി ശ്രീരാമകൃഷ്ണനോടും മുഖ്യമന്ത്രിയോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. പിജിയെടുത്ത് കാർഡിയോളജിസ്റ്റാവണമെന്നാണ് ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top