17 April Wednesday

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ : വനം വകുപ്പ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


റാന്നി
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചുകയറി പൂജ നടത്തിയതിന്  തൃശൂർ സ്വദേശി നാരായണൻ നമ്പൂതിരിക്കെതിരെ  വനം വകുപ്പ് പച്ചക്കാനം ഡിവിഷൻ കേസെടുത്തു. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസ്. പൊന്നമ്പലമേട്ടിൽ കയറി ഇയാൾ പൂജ നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. 40 വർഷത്തിലധികം ശബരിമലയിലെ ദേവസ്വം ബോർഡ് ശാന്തിക്കാരന്റെ സഹായിയായിരുന്നു. 

ആളുകളിൽനിന്ന്  പണം വാങ്ങി അവിടെയെത്തി പൂജ നടത്തിയതായാണ് വനംവകുപ്പിന്റെ നിഗമനം. വള്ളക്കടവ് പാതയിലെ വനത്തിലൂടെയാകാം സ്ഥലത്ത് എത്തിയതെന്നും ശബരിമലയുമായി ഉണ്ടായിരുന്ന ദീർഘനാളത്തെ ബന്ധം വഴി കണ്ടുപിടിക്കാൻ സഹായിച്ചിരിക്കാമെന്നും കരുതുന്നു.  ഇയാളെ അറസ്റ്റുചെയ്താലേ വിവരങ്ങൾ വിശദമായി അറിയാൻ കഴിയൂവെന്ന് വനം വകുപ്പ് അധികൃതർ  അറിയിച്ചു. പ്രചരിച്ച ദൃശ്യങ്ങളിലുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷിക്കും.

ദേവസ്വം ബോർഡ്‌ 
അന്വേഷിക്കും
പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയതായി പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷിക്കും. ദൃശ്യങ്ങൾ യഥാർഥമാണോയെന്ന് വ്യക്തമല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത​ഗോപൻ പറഞ്ഞു. വനംവകുപ്പിന്റെ അറിവില്ലാതെ ഈ മേഖലയിലേക്ക് ആർക്കും പോകാൻ സാധിക്കില്ല.

ദ‍ൃശ്യത്തിൽ കാണുന്നയാൾ നേരത്തേ ഒരു കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചതായി പറയുന്നു. ഇയാൾ ശബരിമല മേൽശാന്തിയെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്നതായും പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് സത്യം കണ്ടെത്തും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് കെ അനന്ത​ഗോപൻ പറഞ്ഞു.

മന്ത്രി റിപ്പോർട്ട്‌ തേടി
പൊന്നമ്പലമേട്ടിൽ പൂജ നടന്നെന്ന സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top