കോഴിക്കോട്
1973 ഒക്‌ടോബർ 27നാണ് കോഴിക്കോട് നഗരത്തിൽ ആദ്യ വനിതാ പൊലീസ് സ്‌റ്റേഷന്റെ പിറവി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സ്‌റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്. അരനൂറ്റാണ്ടിനിപ്പുറവും സ്‌ത്രീകളുടെ ആശ്രയ കേന്ദ്രമാണ് ഈ സ്‌റ്റേഷൻ. അമ്പതാം പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് സ്‌റ്റേഷൻ ആരംഭിച്ചത്. പരാതിക്കാരും പ്രതികളും സ്‌ത്രീകളാകുന്ന കേസിൽ സവിശേഷ ഇടപെടൽ ലക്ഷ്യമിട്ടായിരുന്നു തുടക്കം. സിറ്റി പൊലീസ് കമീഷണർ ഓഫീസിനോട് ചേർന്ന് ചെറിയ മുറിയിൽ പ്രവർത്തനം തുടങ്ങിയ സ്‌റ്റേഷൻ 1997ലാണ് പാവമണി റോഡിൽ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് പിറകുവശത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്‌തത്.
സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ മാത്രമാണ് ഇവിടെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ അതെല്ലാം മാറി. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വനിതാ പൊലീസ് സാർവത്രികമായതോടെ പരാതി നൽകാൻ വനിതാ സ്‌റ്റേഷനിൽ വരേണ്ട അവസ്ഥ മാറി. എങ്കിലും ദിവസവും നിരവധി പരാതികളാണ് ഇവിടെ എത്തുന്നത്. തിരുവനന്തപുരം സ്വദേശി പത്മിനി അമ്മയായിരുന്നു ആദ്യ എസ്‌ഐ. മൂന്ന് ഹെഡ് കോൺസ്‌റ്റബിൾമാരും 12 കോൺസ്‌റ്റബിൾമാരുമാണ് ഉണ്ടായിരുന്നത്. ഇവർക്കുശേഷം ഇതുവരെ 43 എസ്‌ഐമാർ ഇവിടെ സേവനമനുഷ്‌ഠിച്ചു. കെ കെ തുളസിയാണ് നിലവിൽ എസ്‌ഐ. നേരിട്ടുള്ള നിയമനത്തിലൂടെ എസ്‌ഐ ആയി എത്തുന്ന ആദ്യത്തെ ആൾ എന്ന സവിശേഷതയുണ്ട്. ഗ്രേഡ് എഎസ്‌ഐ(5), സീനിയർ സിപിഒ ഗ്രേഡ് (6), സിപിഒ(13) എന്നിങ്ങനെ 25 പേരാണ് ഉള്ളത്. മൂന്ന് പുരുഷ ഡ്രൈവർമാരുമുണ്ട്.
ദൈനംദിന ജോലികൾക്കുപുറമെ നഗരത്തിലെ വിവിധ പരിപാടികൾക്ക് അകമ്പടി പോകുന്നതും ജില്ലാ ജയിലിലെ തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന് സുരക്ഷയൊരുക്കലും ഇവരുടെ ചുമതലയാണ്. റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി, ബീച്ച് പരിസരങ്ങളിൽ പട്രോളിങ്ങും ഉണ്ട്. പൂവാലശല്യം തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. രാത്രി പട്രോളിങ്ങിന് നഗരപരിധിയിലെ സ്‌റ്റേഷനുകളിലെ രണ്ട് വനിതാ പൊലീസുകാർക്കാണ് ചുമതല. ടൗൺ അസി. കമീഷണർക്കുകീഴിലാണ് ഇവരുടെ പ്രവർത്തനം. അമ്പതാം വാർഷികത്തെക്കുറിച്ച് ആലോചിക്കാൻ ഏഴിന് യോഗം ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..