26 April Friday

പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട; ആംബുലൻസിൽ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

പെരിന്തൽമണ്ണ > പെരിന്തല്‍മണ്ണയില്‍ പൊലീസിന്റെ വൻ കഞ്ചാവ്‌ വേട്ട. ആംബുലന്‍സില്‍ കടത്തിയ 46.930 കിലോ ഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ (46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ (40), ഡ്രൈവർ മുന്നിയൂര്‍ കളത്തിങ്ങല്‍പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെയാണ്  പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്ഐ സി കെ നൗഷാദ് എന്നിവരടങ്ങുന്ന  സംഘം അറസ്റ്റ് ചെയ്‌തത്.

ആന്ധ്രപ്രദേശ്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന്   ആഡംബര കാറുകളിലും ആംബുലന്‍സുകളിലും ഒളിപ്പിച്ച്‌ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ.  ഇത്തരത്തിൽ കഞ്ചാവ് കടത്ത് ഏജന്റുമാരായി ജില്ലയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആന്ധ്രയിൽനിന്നുമാണ്‌ ആംബുലൻസ്‌ എത്തിയത്‌.

കോവിഡ് കാലമായതും  ആംബുലൻസായതിനാലും പരിശോധന ഉണ്ടാകാറില്ലെന്നതുകൊണ്ടാണ് കഞ്ചാവ്‌ കടത്താൻ ഈ മാർഗം സ്വീകരിച്ചതെന്ന്‌ ചോദ്യം ചെയ്യലിനിടെ പ്രതികൾ പൊലീസിനോട്‌ പറഞ്ഞു. ടോൾ ബൂത്തുകളിലടക്കം നിർത്താതെ പോരാനും കഴിയും. ചെമ്മാട് താലൂക്ക് ഹോസ്‌പിറ്റൽ പാർക്കിൽ ഓടുന്ന ആംബുലൻസാണ്‌ പിടിയിലായത്‌.

കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റു കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന്‌ ഡിവൈഎസ്‌പി അറിയിച്ചു. ജില്ലാ ആ​ന്റി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി പി  മുരളീധരന്‍, സി പി സന്തോഷ്, പ്രശാന്ത്, എൻ ടി കൃഷ്ണകുമാര്‍, മനോജ് കുമാര്‍, അഭിലാഷ്, ആസിഫ് അലി, ജിയോ ജേക്കബ്, സക്കീര്‍ കുരിക്കള്‍, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ് സിപിഒമാരായ മുഹമ്മദ് ഫൈസല്‍, ബൈജു, സിപിഒമാരായ സജീര്‍, കബീര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top