20 April Saturday
കഴിഞ്ഞവർഷം നഗരത്തിൽ 3561 കേസ്‌

മയക്കുമരുന്ന്‌ മാഫിയക്കെതിരെ പിടിമുറുക്കി പൊലീസും എക്‌സൈസും

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday May 30, 2023

കൊച്ചി> കൊച്ചി നഗരത്തിൽ കഴിഞ്ഞവർഷം എക്‌സൈസും സിറ്റി പൊലീസും ചേർന്ന്‌ പിടികൂടിയത്‌ 3561 മയക്കുമരുന്ന്‌ കേസ്‌. കൊച്ചി സിറ്റി പൊലീസ്‌ 2751 കേസുകളും എക്‌സൈസ്‌ 810 കേസുകളുമാണ്‌ രജിസ്‌റ്റർ ചെയ്തത്‌. നഗരത്തിൽ പിടിമുറുക്കുന്ന മയക്കുമരുന്ന്‌ മാഫിയയെ തളയ്‌ക്കാനുള്ള കഠിനശ്രമത്തിലാണ്‌ സിറ്റി പൊലീസും എക്‌സൈസും.

വിവിധ മയക്കുമരുന്ന്‌ കേസുകളിൽ 3024 പേർ സിറ്റി പൊലീസിന്റെ പിടിയിലായി. എക്‌സൈസിന്റെ വലയിൽ വീണത്‌ 831 പേരും. പാർടി ഡ്രഗ്‌ എന്നറിയപ്പെടുന്ന എംഡിഎംഎയ്‌ക്ക്‌ പ്രിയം കൂടിവരുന്നതായാണ്‌ റിപ്പോർട്ട്‌. എംഡിഎംഎയും ഹാഷിഷ്‌ ഓയിലുമാണ്‌ കൂടുതൽ പിടിക്കുന്നത്‌.  കഴിഞ്ഞവർഷം 3769.8 ഗ്രാം എംഡിഎംഎയാണ്‌ പിടികൂടിയത്‌. ഗ്രാമിന്‌ 2000 മുതൽ 10,000 രൂപവരെയാണ്‌ വില. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയാണ്‌ പ്രധാനമായും വിൽപ്പന. കഞ്ചാവ്‌ വാറ്റിയെടുക്കുന്ന ഹാഷിഷ്‌ ഓയിൽ 6095.37 ഗ്രാം പിടികൂടി. 419.82 കിലോ കഞ്ചാവാണ്‌ പിടികൂടിയത്‌. അഞ്ചിൽ കൂടുതൽ മയക്കുമരുന്നുകേസുകൾ റിപ്പോർട്ട്‌ ചെയ്‌ത 27 ഹോട്‌ സ്‌പോട്ടുകളാണ്‌ നഗരത്തിലുള്ളത്‌.

ജാഗ്രതയോടെ നാർകോട്ടിക്‌ സെല്ലും എക്‌സൈസും

സിറ്റി നാർകോട്ടിക്‌ സെല്ലിനുകീഴിൽ ഒരു സബ്‌ ഇൻസ്‌പെക്ടറും 14 പൊലീസ്‌ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഡാൻസാഫ്‌ വിഭാഗം പ്രവർത്തിക്കുന്നു. എല്ലാ സ്‌റ്റേഷനിലും രണ്ട്‌ പൊലീസുകാരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്‌ഒജി) രൂപീകരിച്ചിട്ടുണ്ട്‌. നഗരത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ആന്റി നാർകോട്ടിക്‌ ക്ലബ്ബുകളുണ്ട്‌.

പ്രിൻസിപ്പൽ ചെയർമാനും പിടിഎ പ്രസിഡന്റ്‌ വൈസ്‌ ചെയർമാനും പൊലീസ്‌ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർ കൺവീനറുമായാണ്‌ ക്ലബ്ബുകളുടെ പ്രവർത്തനം. എക്‌സൈസ്‌ ഡെപ്യൂട്ടി കമീഷണറുടെ കീഴിൽ പ്രത്യേക സ്‌ക്വാഡും എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആൻഡ്‌ ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും മയക്കുമരുന്ന്‌ കേസിലെ കുറ്റവാളികളെ കണ്ടെത്താൻ രംഗത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top