27 April Saturday

പോക്‌സോ കേസ്‌ ഇരകളിൽ 33 ശതമാനം ആൺകുട്ടികൾ

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
കോഴിക്കോട് > പോക്‌സോ കേസുകളിലെ ഇരകളിൽ 33 ശതമാനം ആൺകുട്ടികൾ. പോക്‌സോ കേസുകൾ കൂടുന്നതിനൊപ്പം  ഇരകളിൽ ആൺകുട്ടികളുടെ എണ്ണവും ഗണ്യമായി വർധിച്ചു. പോക്സോ നിയമത്തിന്റെ പത്താം വാർഷിക ഭാഗമായി നടന്ന സെമിനാറിലാണ്‌ ഈ വെളിപ്പെടുത്തൽ. 2131, 2704, 3183, 3640, 3056, 3559, 4586 എന്നിങ്ങനെയാണ്‌ 2016 മുതൽ 2022 വരെ രജിസ്‌റ്റർചെയ്‌ത പോക്‌സോ കേസുകൾ.
 
പോക്‌സോ നിയമം പ്രാബല്യത്തിൽവന്ന 2012ൽ ഇരുപത്‌ ശതമാനത്തിൽ താഴെയായിരുന്നു ആൺകുട്ടികൾ ഇരകളായത്‌. പോക്‌സോ നിയമം സംബന്ധിച്ച  അവബോധം കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാൻ കാരണമായി. അതേസമയം പോക്‌സോ കേസുകൾ ദുരുപയോഗം ചെയ്യുന്നത്‌ വർധിക്കുന്നതായും സെമിനാർ മുന്നറിയിപ്പ്‌ നൽകി. പ്രതിസ്ഥാനത്തുള്ളയാൾ നിരപരാധിയെന്ന്‌ ബോധ്യപ്പെട്ടാലും ഇരയുടെ മൊഴിയും തെളിവുകളും പ്രകാരം ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. 
 
ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യൂറോ സയൻസ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, സ്‌കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്‌റ്റഡീസ് എന്നിവ ചേർന്നാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്സോ നിയമത്തിന്റെ സാധ്യതകളും സംവിധാനങ്ങളുമാണ്‌ സെമിനാർ ചർച്ചചെയ്‌തത്‌. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ വി മനോജ് കുമാർ ഉദ്ഘാടനംചെയ്‌തു. 
 
ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്‌ണകുമാർ അധ്യക്ഷനായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ അംഗം അഡ്വ. ബി ബബിത, ഡോക്‌ടർമാരായ നൂറുൽ അമീൻ, സിന്ധു, പി കെ  അനിഷ്, സുജ മാത്യു,  വർഷ വിദ്യാധരൻ, പാർവതി ഭായ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി, മുഹമ്മദ് അഫ്സൽ, കെ കെ ബിജു, അഡ്വ. ആർ എൻ  രഞ്ജിത് തുടങ്ങിയവർ പാനൽ ചർച്ച നയിച്ചു. സമാപന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് എം പി ഷൈജൽ  മുഖ്യാതിഥിയായി.  ഡോ. ജോബിൻ ടോം സ്വാഗതവും ഡോ. പി എം നീനി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top