05 July Saturday

വിദ്യാർഥികൾക്ക്‌ ലൈംഗിക പീഡനം ; ലീഗ്‌ അധ്യാപക നേതാവ്‌ മൂന്നാംതവണയും പോക്‌സോ കേസിൽ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021


താനൂർ> വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ലീഗ് അധ്യാപക സംഘടനാ  നേതാവ്‌ മൂന്നാം തവണയും പോക്‌സോ കേസിൽ  അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാ (53)ണ് താനൂർ പൊലീസിന്റെ  പിടിയിലായത്.  പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ്‌ അഷ്‌റഫ്‌ .

ചൈൽഡ്‌ ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുമ്പ് നെടുവ സ്കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ അമ്പതോളം വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്  വിവാദമായിരുന്നു. അന്നും ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റിലായത്. അന്നത്തെ യുഡിഎഫ് ഭരണത്തിൽ ഇയാളെ സംരക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി  ഇടപെട്ടിരുന്നു.  

തുടർന്ന്‌ ഡിവൈഎഫ്ഐയും രക്ഷിതാക്കളും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോൾ ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു പോക്സോ കേസിലും അറസ്റ്റിലായി.

ലീഗ് നേതാവായ ഇയാൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിദ്യാർത്ഥികളെ മൊഴിമാറ്റിച്ചാണ് ജയിലിൽ നിന്നുമിറങ്ങിയത്. അഞ്ചു വർഷത്തിന് ശേഷം സർവീസിൽ തിരിച്ചെത്തിയ ഇയാൾ കരിപ്പൂരിലെ പ്രൈമറി സ്കൂളിലായിരുന്നു പ്രവേശിച്ചത്. 2019ൽ ഇവിടുത്തെ രണ്ട് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്ന പരാതി ലഭിച്ചതോടെ വീണ്ടും അറസ്റ്റിലായി.


നിലവിൽ താനൂരിലെ ഗവ.സ്കൂളിലാണ് ജോലി ചെയ്യുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്.  കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ചൈൽഡ് ലൈനിന് പരാതി നൽകി.  കുട്ടിയുടെ മൊഴിയെടുത്തശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top