25 April Thursday

നശിപ്പിക്കാനുള്ള ലക്ഷ്യം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


തിരുവനന്തപുരം  
കേരളത്തിന്റെ സഹകരണമേഖലയിലെ വളർച്ചയിൽ ചിലർക്കെല്ലാം കണ്ണുകടിയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‌. ആരോഗ്യകരമല്ലാത്ത രീതികളാണ്‌ സഹകരണമേഖലയെ തകർക്കാൻ ഉപയോഗിക്കുന്നത്‌. കേരളത്തെ ലക്ഷ്യമിട്ട്‌ മൂടിവച്ചുള്ള കൈകടത്തലുകളിലൂടെ‌‌ നാടിനെതിരെ പ്രവർത്തിക്കുന്നു‌. മുമ്പും പലതരത്തിലുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി അതിജീവിച്ചു. അത്തരം ഘട്ടത്തിലൂടെയാണ്‌ ഇപ്പോഴും കടന്നുപോകുന്നത്‌. നശിപ്പിക്കാനുള്ള ലക്ഷ്യം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കണം. കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ കേരള ബാങ്കിന്റെ സ്വാധീനത്തിന്‌ തുരങ്കം വയ്‌ക്കാനുള്ള നീക്കങ്ങൾ ശക്തമാണ്‌.  കേരള ബാങ്കിനെ ലക്ഷ്യമിടുന്നവർ ആദ്യം സഹകരണമേഖലയെ ഉന്നംവയ്‌ക്കുന്നു‌. സഹകരണമേഖലയുടെ കരുത്ത്‌ ചോർത്തി ബാങ്കിന്റെ നിലനിൽപ്പിനെ ചോദ്യംചെയ്യാനാണ്‌ ശ്രമം. ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും എതിർ ഇടപെടലുകളും വേണം. 

പ്രാഥമിക കാർഷിക വായ്‌പാ സഹകരണ ബാങ്കുകളാണ്‌ കേരളത്തിൽ സഹകരണ സാക്ഷരത ഉറപ്പാക്കിയത്‌. ബാങ്കിങ്‌‌ ഇടപാടുകൾ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. മറ്റുള്ളവർ മടിച്ചുനിന്നിടത്തെല്ലാം വായ്‌പാ സംഘങ്ങളും സഹകരണ ബാങ്കുകളും കടന്നുചെന്നു‌.  
ബാങ്കിന്റെ വളർച്ചയും നിക്ഷേപവും വായ്‌പാ രീതികളുമാണ്‌ കണ്ണുകടിക്ക്‌ കാരണം‌. ഇതിനെ പ്രതിരോധിക്കാൻ പ്രാഥമിക സംഘങ്ങളെ കാര്യക്ഷമമാക്കണം. സംഘങ്ങളുമായി കൃത്യമായി ബന്ധപ്പെടാനാകുന്ന കേരള ബാങ്കിന്റെ സാേഫ്‌റ്റ്‌വെയർ എത്രയുംപെട്ടെന്ന്‌ പ്രവർത്തന സജ്ജമാക്കണം. സഹകരണമേഖല നശിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്കുള്ള മറുപടി അതായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top