27 April Saturday
സിപിഐ എമ്മിനൊപ്പം ചേർന്ന നേതാക്കൾക്ക്‌ സ്വീകരണം

കോൺഗ്രസിന്‌ താൽപ്പര്യം ബിജെപി ആഭിമുഖ്യമുള്ളവരെ: പിണറായി വിജയൻ

സ്വന്തം ലേഖകൻUpdated: Thursday Oct 7, 2021

കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനെത്തിയ നേതാക്കളെ സംസ്ഥാന സെക്രട്ടറിയുടെ 
ചുമതലയുള്ള എ വിജയരാഘവൻ പതാക നൽകി സ്വീകരിക്കുന്നു


തിരുവനന്തപുരം
ബിജെപി ആഭിമുഖ്യമുള്ളവരോടാണ്‌ കോൺഗ്രസിന്‌ താൽപ്പര്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്‌ ശരിയായ കോൺഗ്രസുകാരിൽ ഉണ്ടാക്കുന്ന മനോവേദന വലുതാണ്‌. അത്തരക്കാരാണ്‌ കോൺഗ്രസ്‌ വിട്ട്‌, മതനിരപേക്ഷതയിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുന്ന സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്നും ബിജെപിയിൽനിന്നും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന നേതാക്കൾക്ക്‌  നൽകിയ സ്വീകരണപരിപാടി  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.


 

മറ്റു സംസ്ഥാനങ്ങളിലേതുപോലെ കോൺഗ്രസ്‌വിട്ട്‌ ബിജെപിയിലേക്ക്‌ പോകാനല്ല ഇവർ തയ്യാറാകുന്നത്‌.  ഇടതുപക്ഷത്തിനും സിപിഐ എമ്മിനുമൊപ്പം നിൽക്കാനാണ്‌. കേരളത്തിന്റെ പൊതുരാഷ്ട്രീയത്തിന്‌ അനുഗുണമാണിത്‌. കോൺഗ്രസ്‌ രക്ഷിച്ചെടുക്കാനാകാത്തവിധം തകരുന്നുവെന്നും അതിനൊപ്പംനിന്ന്‌ തകരാൻ തങ്ങൾ തയ്യാറല്ലെന്നുമുള്ള നിലപാടാണ്‌ ഇവർ സ്വീകരിക്കുന്നത്‌. ശരിയേത്‌, തെറ്റേത്‌, നിൽക്കേണ്ട ഇടമേത്‌ എന്ന്‌ തിരിച്ചറിയാൻ കഴിയുന്നു. കോൺഗ്രസിനെ നയിക്കുന്നത്‌ സംഘപരിവാർ മനസ്സുള്ളവരാണ്‌ എന്നു തുറന്നുപറയാൻ ഇവർ തയ്യാറായി.

രാജ്യത്ത്‌ ഏറ്റവും വെല്ലുവിളിക്കപ്പെടുന്നത്‌ മതനിരപേക്ഷതയാണ്‌. അത്‌ സംരക്ഷിക്കുകയാണ്‌ പ്രധാനം. തീരുമാനിച്ചാൽ ബിജെപിയിലേക്ക്‌ പോകുന്നത്‌ ആർക്കും തടയാനാകില്ല എന്നു പറയുന്ന കോൺഗ്രസ്‌ ഉന്നതന്മാരെയാണ്‌ കേരളത്തിൽ കാണാനാവുക.രാഹുൽ ഗാന്ധിയുടെ പ്രധാനിയായിനിന്ന ജ്യോതിരാദിത്യ സിന്ധ്യ അടക്കം ഒരു പടതന്നെ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക്‌ ചേക്കേറി. ഇതിൽനിന്ന്‌ പാഠം പഠിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ അധ്യക്ഷനായി. ബിജെപി, കോൺഗ്രസ്‌ പാർടികൾ വിട്ടുവന്ന മുപ്പതിലധികം നേതാക്കൾക്ക്‌ സ്വീകരണം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top