19 April Friday

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം കോർപറേറ്റ്‌ നയം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Sep 16, 2021

മലപ്പുറം > കോർപറേറ്റുകൾക്കുവേണ്ടി നയങ്ങൾ ആവിഷ്‌കരിച്ചതാണ്‌ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ‌. സാധാരണക്കാരെയും കർഷകരെയും തൊഴിലാളികളെയും മറന്നാണ്‌ കേന്ദ്രം കോർപറേറ്റുകളുടെ താൽപ്പര്യത്തിന്‌ കീഴടങ്ങിയത്‌. കേരള ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയനും കേരള ഗ്രാമീൺ ബാങ്ക്‌ ഓഫീസേഴ്‌സ്‌ യൂണിയനും ചേർന്ന്‌ നിർമിച്ച യൂണിയൻ ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മറ്റു മേഖലയിലെപ്പോലെ ബാങ്കിങ്‌ രംഗത്തും വരേണ്യപക്ഷപാതിത്വം പ്രകടമാണ്‌. ശതകോടീശ്വരന്മാരുടെ കടങ്ങൾ എഴുതിത്തള്ളിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ കടത്തിലായി. ഇത്‌ ബാങ്കിങ്‌ ഇതര പരിപാടികളിലേക്ക്‌ നീങ്ങാൻ കാരണമായി. ബാങ്കുകൾ ജീവനക്കാരുടെ എണ്ണം കുറച്ച്‌ ലാഭമുണ്ടാകുന്ന പരിപാടികൾ ആരംഭിച്ചപ്പോൾ പ്രോഡക്ടും ടാർജറ്റും ബാങ്കിങ്‌ മേഖലയിലെ നിത്യപദങ്ങളായി. 1991ൽ ബാങ്കുകളിലെ ആകെ ഇടപാട്‌ 31 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്‌ 238 ലക്ഷം കോടിയായി. എന്നാൽ, ജീവനക്കാരുടെ എണ്ണം പത്തര ലക്ഷത്തിൽനിന്ന്‌ എട്ടര ലക്ഷമായി ചുരുങ്ങി. ഇതുവഴി ജോലിഭാരം എത്രമാത്രം വർധിച്ചുവെന്ന്‌ ഊഹിക്കാം.

ഏറ്റവും താഴെക്കിടയിലുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഗ്രാമീൺ ബാങ്കുകൾ ആരംഭിച്ചത്‌. ഗ്രാമങ്ങളിലെ സാധാരണക്കാരന്‌ സഹായം ലഭ്യമാക്കുന്നതിൽ ഗ്രാമീൺ ബാങ്കുകൾ‌ വലിയ പങ്കാണ്‌  വഹിക്കുന്നത്‌. ജീവനക്കാരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാൻ സംഘടനകൾ ‌ശ്രമിക്കണം. അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. ബാങ്കുകൾ നൽകുന്ന പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top