26 April Friday

കേന്ദ്രത്തിന്റെ ജനവിരുദ്ധതയ്‌ക്കെതിരെ കേരളം ബദൽ തീർക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

തിരുവനന്തപുരം> രാജ്യത്തിന്റെ മതനിരപേക്ഷതയേയും ഐക്യത്തേയും തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനിലപാടിനെതിരെ സംസ്ഥാനം ബദൽ നിലപാട് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനാലാണ് സംസ്ഥാനത്തോട് കേന്ദ്രം അവ​ഗണന കാട്ടുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാ​ഗമായി കോവളം മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസനം തടയാൻ കിഫ്ബിയെ പൂട്ടാനാണ് കേന്ദ്രത്തിന്റെ ശ്രമം.

എന്നാൽ കിഫ്ബിക്ക് സമാനമായി പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ കേന്ദ്രത്തിനുണ്ട്.  കേന്ദ്രത്തിനാകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാട്.സ്വാഭാവിക കേന്ദ്ര വിഹിതം പോലും നൽകാത്ത സാഹചര്യമുണ്ട്. സാമ്പത്തികമായി കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വികസന പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാനം പിന്നോട്ട് പോകില്ല. കേന്ദ്രനിലപാട് എതിരായിട്ടും ദുരന്തങ്ങൾ പ്രതിസന്ധി തീർത്തിട്ടും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ സംസ്ഥാനത്തിനായി. കിഫ്ബി രൂപീകരിക്കുമ്പോൾ 50,000 കോടിയുടെ വികസനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  നടത്തിയത്.

ലോകം ഒരേ മനസോടെയാണ് കേരളത്തിന്റെ മികവ് നോക്കി കാണുന്നത്. നാം ആരോഗ്യ രംഗത്ത് ഒരുക്കിയ സംവിധാനങ്ങളെ മറികടന്നു പോകാൻ കോവിഡിന് പോലും ആയില്ല. ക്ഷേമപെൻഷൻ 62 ലക്ഷം പേർക്ക് നൽകുന്നുണ്ട്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ രണ്ട് വർഷത്തെ പെൻഷൻ കുടിശിക കൊടുത്തുതീർത്തു. ലൈഫ് മിഷനിലൂടെ 3.70 ലക്ഷം വീടുകളാണ് ഇതുവരെ നൽകിയത്. പതിനാല് ലക്ഷം പേർക്കാണ് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞത്. ഇതൊന്നും എൽഡിഎഫ് സർക്കാർ ആയിരുന്നില്ലെങ്കിൽ ചിന്തിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കോവളം മണ്ഡലം കൺവീനർ അഡ്വ. പി എസ് ഹരികുമാർ അധ്യക്ഷനായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top