29 March Friday

വികസ്വര രാജ്യങ്ങളെ പരിഗണിക്കുന്ന വിവരവിനിമയക്രമം വേണം: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Saturday Mar 25, 2023

കൊച്ചി> വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പുത്തൻ അന്താരാഷ്‌ട്ര വിവരവിനിമയക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള മാധ്യമരംഗത്തെ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കെതിരെ ചെറുത്തുനിൽക്കുന്ന വികസ്വര രാജ്യങ്ങളുടെ മാധ്യമങ്ങളും സംസ്‌കാരവും  പ്രോത്സാഹിപ്പിക്കപ്പെടണം. മലയാള മാധ്യമപ്രവർത്തനത്തിന്റെ 175-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചിയിൽ ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമ്രാജ്യത്വരാഷ്‌ട്രങ്ങൾ കേന്ദ്രീകരിച്ചുള്ള വാർത്താ ഏജൻസികളുടെ താൽപ്പര്യങ്ങൾ ആഗോള മാധ്യമരംഗം നിയന്ത്രിക്കുകയാണ്‌.  സഹോദരസ്ഥാപനങ്ങളായി പടക്കോപ്പുനിർമാണ ശാലകൾവരെ നടത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്‌. ഒരുവശത്ത്‌ വാർത്തകളിലൂടെ രാജ്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുകയും മറുവശത്ത്‌ ഇരുകൂട്ടർക്കും പടക്കോപ്പ്‌ ലഭ്യമാക്കുന്നവരുമുണ്ട്‌. ഇങ്ങനെ വലതുപക്ഷരാഷ്‌ട്രീയവും സാമ്പത്തികതാൽപ്പര്യങ്ങളും മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും കനത്ത വെല്ലുവിളി ഉയർത്തുകയാണ്‌.   ഇത്തരം ദൂഷിത താൽപ്പര്യങ്ങളുടെ ഇരകളായി പല വികസ്വര രാജ്യങ്ങളും മാറുകയാണ്‌.

ഈ കടന്നാക്രമണത്തിൽ, ഭാഷയിലും മാധ്യമരംഗത്തും അഭിമാനകരമായ ചരിത്രമുള്ള ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ അവഗണിക്കപ്പെടുകയും ആഗോളവടക്ക്‌ എന്ന സങ്കൽപ്പത്തിൽ ഊന്നിയുള്ള മാധ്യമസമ്പ്രദായം രൂപപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ഗ്ലോബൽ സൗത്ത്‌ എന്ന ആശയത്തിന്‌ വലിയ രാഷ്‌ട്രീയപ്രസക്തിയുണ്ട്‌. ഇതിലൂടെ ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഉൾപ്പെടെയുള്ള മാധ്യമസംസ്‌കാരങ്ങളെ ലോകസമക്ഷം ഉയർത്തിക്കാട്ടുകയാണ്‌.

മലയാള പത്രപ്രവർത്തനത്തിന്റെ 175–-ാംവാർഷികത്തിന്റെ പശ്‌ചാത്തലത്തിൽ ഗ്ലോബൽ സൗത്ത്‌ മാധ്യമോത്സവത്തിന്‌ ആതിഥ്യംവഹിക്കാൻ കേരളത്തിന്‌ കഴിഞ്ഞതിൽ സന്തോഷമുണ്ട്‌. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ ശക്തമായ പാരമ്പര്യമുള്ള നാടാണ് കേരളം. മാധ്യമപ്രവർത്തനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനൊപ്പം സ്വയം വിമർശനപരമായി കാര്യങ്ങളെ കാണുകയും വേണമെന്നും -മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top