24 April Wednesday

സംസ്ഥാനത്ത്‌ സ്ത്രീകൾ 
സുരക്ഷിതർ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

തിരുവനന്തപുരം
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്ത്‌ സ്ത്രീകൾ സുരക്ഷിതരല്ലെന്ന പ്രചാരണം നടത്തുന്നത്‌ നല്ല പ്രവണതയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ പരാതിപ്പെടാനും പരിഹാരം കാണാനുമുള്ള സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സ്ത്രീസുരക്ഷയിൽ ശക്തമായ നിലപാടാണ്‌ സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വിങ്‌സ്‌’ സ്ത്രീസുരക്ഷ എക്‌സ്‌പോ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദുരനുഭവങ്ങൾക്കുനേരെ സഹനസമീപനം സ്വീകരിക്കുന്നത്‌ കുറ്റവാളികൾക്ക്‌ ഊർജമാകും. തനിക്കുണ്ടാകുന്ന ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാകരുതെന്ന കാഴ്‌ചപ്പാട്‌ ഉയർത്തിപ്പിടിക്കാനാകണം. സ്ത്രീകളെ തുല്യപങ്കാളികളാണെന്ന്‌ തിരിച്ചറിഞ്ഞ്‌  അംഗീകരിക്കുകയും ആദരിക്കുകയുമാണ്‌ സർക്കാർ നയം. കൂടുതൽ വനിതകളെ പൊലീസിൽ റിക്രൂട്ട്‌ ചെയ്യുന്നതടക്കമുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്‌. വനിതാ ശിശുവികസന വകുപ്പ്‌, ബാലാവകാശ കമീഷൻ, വനിതാ കമീഷൻ തുടങ്ങിയവയും പൊലീസിന്റെ അപരാജിത ഹെൽപ്പ്‌ ലൈൻ, പിങ്ക്‌ പ്രൊട്ടക്‌ഷൻ പ്രോജക്‌ട്‌ തുടങ്ങിയ പദ്ധതികളും നിലവിലുണ്ട്‌.  എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ ഇവയെല്ലാം ഉപയോഗിക്കാൻ പലരും തയ്യാറാകുന്നില്ല. അറിവില്ലായ്മയും നീതി ലഭ്യമാക്കാനുള്ള മാർഗങ്ങളിലെ സങ്കീർണതയുമെല്ലാമാണ്‌ ഇതിന്‌ കാരണം. ഇത്‌ മാറിയേ തീരൂ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തിലാണ്‌ സർക്കാർ പരിഗണിക്കുന്നത്‌. കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top