19 April Friday

കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ യുഡിഎഫിന്‌ ആഹ്ലാദം

സ്വന്തം ലേഖകൻUpdated: Thursday Feb 2, 2023


തിരുവനന്തപുരം
രാഷ്ട്രീയവൈര്യം മുൻനിർത്തി കേന്ദ്രം കേരളത്തെ ചവിട്ടിത്താഴ്‌ത്തുമ്പോൾ തട്ടിത്തെറിപ്പിക്കേണ്ട യുഡിഎഫ്‌ അവരുടെ കാല്‌ തടവുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റിൽ എന്തുചെയ്‌തു എന്ന ചോദ്യമുയർത്തി കേരളം യുഡിഎഫിനെ കുറ്റവിചാരണ ചെയ്യും.  ജനരോഷ കൊടുങ്കാറ്റിൽ യുഡിഎഫ്‌ കരിയില പോലെ പറന്നുപോകും.

രാജ്യത്ത്‌ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്‌ ബിബിസി ഡോക്യുമെന്ററി മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു. മരുമക്കത്തായ കഥകളിലെ ഹൃദയശൂന്യരായ അമ്മാവന്മാരെപ്പോലെയാണ്‌ കേന്ദ്രത്തിന്റെ പെരുമാറ്റം. സംസ്ഥാനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വരുമാനത്തിന്റെ ഓഹരി കിട്ടാൻ കേന്ദ്രം കനിയേണ്ടി വരുന്നു. കേരളത്തിനെതിരായ കേന്ദ്ര നടപടികളിൽ യുഡിഎഫ്‌ ആഹ്ലാദിക്കുകയാണ്‌.  കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരാനാവശ്യമായ ഒന്നും യുഡിഎഫിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല.  വികസന പദ്ധതികളെ മുടക്കാനാണ്‌ യുഡിഎഫ്‌ എംപിമാരുടെ ശ്രമം.  കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ അതിൽനിന്ന്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്നാണ്‌ പ്രതിപക്ഷം കരുതുന്നത്‌.

വികസന പദ്ധതികൾക്ക്‌ സംസ്ഥാന സർക്കാർ  ശ്രമിക്കുമ്പോൾ അത്‌ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപി നേതാക്കളും ഐക്യത്തോടും സാഹോദര്യത്തോടും ശ്രമിക്കുന്നു. യുഡിഎഫിന്റെ ധവളപത്രത്തിലും കേരളത്തെ കുറ്റപ്പെടുത്തുന്നു. യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണിതിന്‌ കാരണം. കിഫ്‌ബി മുഖേനയുള്ള വികസന പരിപാടികൾക്ക്‌  തുരങ്കംവയ്‌ക്കാനുള്ള കേന്ദ്രശ്രമങ്ങളെയും യുഡിഎഫ്‌  പിന്തുണയ്‌ക്കുന്നു.  

വിമർശിക്കപ്പെടാൻ വേണ്ട ദുഷ്ചെയ്‌തികളൊന്നും സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. അതിനാലാണ്‌ നയപ്രഖ്യാപന ചർച്ചയിൽ വസ്തുതാപരമായ വിമർശമുന്നയിക്കാൻ പോലും പ്രതിപക്ഷത്തിനാകാതെ പോയത്‌. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ മുൻനിർത്തി അതിരൂക്ഷമായ വിമർശങ്ങൾ കെട്ടിപ്പൊക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്കു മുന്നിൽ പ്രതിപക്ഷം അപഹാസ്യരാകും. അതിനാലാണ്‌ രൂക്ഷമായ കടന്നാക്രമണങ്ങൾക്ക്‌പോലും മുതിരാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്‌ 
മനഃസമാധാനത്തകർച്ച
സമാധാനത്തിന്റെ പാതയിലൂടെ കേരളം കടന്നുപോകുമ്പോൾ പ്രതിപക്ഷത്തിന്‌ മനഃസമാധാന തകർച്ചയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു അസ്വസ്ഥതയുമില്ലാത്ത ഇന്ത്യയിലെ ഒരു പച്ചത്തുരുത്താണ്‌ കേരളം. വെടിവയ്‌പും വർഗീയകലാപവും ലോക്കപ്പ്‌ കൊലപാതകങ്ങളും ഇവിടെയില്ല. ഏത് അസ്വസ്ഥതയും മുളയിലേ നുള്ളുന്നു. ഗുണ്ടകളെ അമർച്ച ചെയ്യുന്നു. പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ളവരെ പിരിച്ചുവിടുന്നു. സമാധാനത്തിന്റേതായ ഈ അവസ്ഥയും പ്രതിപക്ഷത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ക്രമസമാധാനത്തകർച്ച എന്ന പതിവ്‌ പല്ലവി പാടിയാൽ ഏറ്റുമുട്ടാൻ ആരുമില്ല. എന്നിട്ടും മറിച്ച് ഒരു പ്രതീതി സൃഷ്ടിക്കാൻ പ്രതിപക്ഷം വിഫലമായി ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ മനഃസമാധാനത്തകർച്ചയ്‌ക്ക്‌ തങ്ങളുടെ കൈയിൽ മരുന്നില്ല.

ജനപ്രതിഷേധങ്ങളെ എങ്ങനെ നേരിടണം എന്നതിന്‌ പുതുമാതൃകകൾ സൃഷ്ടിക്കുകയാണ്.  കിടപ്പാടം ചോദിച്ച ആദിവാസികളെ വെടിവച്ചുകൊന്നതാണ്‌ യുഡിഎഫ്‌ സംസ്കാരം.  ആളിക്കത്തിച്ച്‌ രാഷ്ട്രീയമുതലെടുപ്പ്‌ നടത്താമെന്ന്‌ യുഡിഎഫ്‌ കൊതിച്ച വിഴിഞ്ഞം പ്രശ്‌നംപോലും രമ്യമായി പരിഹരിച്ചു. നയസമീപനത്തിലെ വ്യത്യാസമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി വിരുദ്ധറാലിയിൽ പങ്കെടുത്തതിന്‌ 
കോൺഗ്രസിന്‌ പൊള്ളൽ: മുഖ്യമന്ത്രി
ബിജെപി സർക്കാരിനെതിരെ തെലങ്കാനയിൽ നടന്ന റാലിയിൽ താൻ പങ്കെടുത്തത്‌ കോൺഗ്രസിന്‌ പൊള്ളുന്നതെന്തിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി ആക്രമണം ഏറ്റവും കൂടുതൽ ഏൽക്കുന്ന സംസ്ഥാനമാണ്‌ തെലങ്കാന. ഏതെങ്കിലും ഘട്ടത്തിൽ ആരെങ്കിലും ബിജെപിക്കൊപ്പം ഉണ്ടായിരുന്നോ എന്ന ജാതകം നോക്കിയാൽ പലരെയും ഒഴിവാക്കേണ്ടി വരും. ഓരോ സംസ്ഥാനങ്ങളുടെയും ഇന്നത്തെ സാഹചര്യത്തിലാണ്‌ നിലപാട്‌ സ്വീകരിക്കുന്നത്‌.

കോൺഗ്രസ്‌ ഇന്നൊരു മഹാശക്തിയല്ല എന്ന്‌ മനസ്സിലാക്കണം. പഴയ നിലയിലാണെന്ന്‌ ധരിച്ച്‌ മുന്നോട്ട്‌ പോയാൽ പ്രയാസമുണ്ടാകും. തെലങ്കാനയിൽ ഇടതുപാർടികൾ ബിആർഎസിനൊപ്പം നിൽക്കുകയാണ്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോയടക്കം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ താൻ റാലിയിൽ പങ്കെടുത്തത്‌.  ബിജെപിയെ പരിപോഷിപ്പിക്കുന്ന ഒരു നിലപാടും തങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടാകില്ല. ഭാരത്‌ ജോഡോ യാത്രയിൽ കേരളത്തിനെതിരെ ഒന്നും പറഞ്ഞില്ലെന്ന്‌ പറയുന്നവർ ജയറാം രമേഷിന്റെ വാക്കുകൾ ഓർമിക്കണം. യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതിരുന്നത്‌ ബിജെപിയെ സഹായിക്കലല്ല. കോൺഗ്രസ്‌ നടത്തിയ രാഷ്ട്രീയ പരിപാടി ആയതിനാലാണ്‌. മുസ്ലിംലീഗ്‌ യുഡിഎഫ്‌ വിടുമെന്ന്‌ തങ്ങൾ കരുതുന്നില്ല. മാറിപ്പോകുമെന്ന്‌ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ തങ്ങളെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top