21 September Thursday

അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ല; എല്ലാവരും ഒന്നിച്ച്‌ നിൽക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കൊച്ചി > സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം മൈതാനിയിൽ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിപ്രായ ഭിന്നതകൾ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാർഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോൾ ഒന്നേകാൽ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിച്ച് 2,67,000ത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വർഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. നാടിന്റെ പൊതുവായ വികസനം മുൻനിർത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും  ശക്തിപ്പെടുത്താൻ കഴിയണം. അതിനായി തുടർന്നും മുഴുവൻ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം, ഒരു ഉത്പന്നം എന്ന ആശയം നടപ്പിലാക്കാനും അത്തരം ഉത്പന്നങ്ങളുടെ മൂല്യവർധനയെ പ്രോത്സാഹിപ്പിച്ചു കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആഴ്ചയിൽ രണ്ടു ദിവസം ഹെൽപ്‌ഡെസ്‌കുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഈ പദ്ധതിക്കായി പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
    
പലിശ ഇളവോടുകൂടിയുള്ള വായ്പകൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിൽ നടപ്പാക്കിയ വായ്പാ മേളകളുടെ ഭാഗമായി ലഭിച്ച 5,556 അപേക്ഷകളിൽ 108 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇത്തരത്തിൽ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനു പുറമെ ചില പ്രത്യേക ഉത്പന്നങ്ങൾക്ക് ഭൗമസൂചിക, അഥവാ ജിയോടാഗിങ്, നൽകുന്നതിനുള്ള നടപടികൾ കൂടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രതീക്ഷിച്ചതിലും മുൻപു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്.

സംരംഭക വർഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സർക്കാർ വിശേഷിപ്പത്. നമ്മുടെ സംസ്ഥാനം വ്യവസായങ്ങൾക്ക് അനുയോജ്യമായ നാടല്ലെന്ന കേരളവിരുദ്ധ താത്പര്യക്കാരുടെ കുപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് സംരംഭകവർഷ പദ്ധതിയുടെ വിജയവും അതിനു ലഭിച്ച മികച്ച അംഗീകാരവും. ആ നിലയ്ക്ക് കേരളത്തിലെ സംരംഭക സൗഹൃദാന്തരീക്ഷം എത്രമാത്രം മെച്ചപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് സംരംഭക സംഗമം.

രാജ്യത്തെ ആദ്യത്തെ ടെക്‌നോപാർക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം. ഗ്ലോബൽ സ്‌പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബാണ് കേരളം. ലോകത്തുൽപാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതൽ 50 ശതമാനത്തോളം കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികൾക്കും ഇ യു സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകൾ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി ഇവിടെയാണ്. ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എയർബസ്, നിസാൻ, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. എന്നിട്ടും ഇവിടെ വ്യവസായങ്ങൾ വളരുന്നില്ലെന്നും കേരളം വ്യവസായങ്ങൾക്ക് അനുകൂലമല്ല എന്നുമുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രചാരണൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ കേരളത്തിൽ വ്യവസായമേ ഇല്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2% മാത്രവും ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിന്റെ ജി.എസ്.ഡി.പി ഇന്ത്യയുടെ ജി.ഡി.പിയുടെ 4.2% ആണ്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കിൽ പിന്നെ, ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിൽ 50-ൽ അധികം മുൻനിര മോഡേൺ മാനുഫാക്ച്ചറിംങ് കമ്പനികൾ ഉണ്ട്. അവയിൽ പലതും ലോകത്തിലെ തന്നെ അതാത് മേഖലകളിലെ നമ്പർ വൺ കമ്പനികളാണ്. സംസ്ഥാനത്തിന്റെ ജിഡിപിയിൽ മാനുഫാക്ച്ചറിംങ് മേഖലയുടെ സംഭാവന 7 ശതമാനത്തിൽ നിന്ന് 14 ശതമാനമായി  വളർന്നു. കണ്ണടച്ച് ഇരുട്ടാണെന്ന് ഭാവിക്കുന്നവർ കേരളത്തിൽ ഇതൊന്നും നടക്കുന്നില്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

കേരളം ആകെ കടത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ട്. റിസർവ് ബാങ്കിന്റെ തന്നെ കണക്കുകൾ പ്രകാരം, കേരളത്തിന്റെ പൊതുകടം 2016 ൽ സംസ്ഥാന ജി ഡി പിയുടെ 29 ശതമാനം ആയിരുന്നു. 2021 ൽ അത് 37 ശതമാനം ആയി മാറി. 8 ശതമാനം വർധിച്ചു. അതേ കാലയളവിൽ തന്നെ കേന്ദ്ര സർക്കാരിന്റെ പൊതുകടം ജി ഡി പിയുടെ 47 ശതമാനത്തിൽ നിന്ന് 59 ശതമാനം ആയി. 12 ശതമാനത്തിന്റെ വർദ്ധന. ഇത്രയധികം കടഭാരമുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ് വിവിധ സംസ്ഥാനങ്ങൾ. അവയ്ക്ക് സ്വന്തം നിലയ്ക്ക് കടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാം എന്നു കരുതുന്നത് യുക്തിക്കു നിരക്കുന്നതല്ല.

പല സംസ്ഥാനങ്ങളിലും കേരളത്തിലെ പോലെയുള്ള മികച്ച പൊതുവിദ്യാലയങ്ങളോ സർക്കാർ ആശുപത്രികളോ സിവിൽ സർവീസോ സാർവ്വത്രികമായ ക്ഷേമ പദ്ധതികളോ ക്ഷേമ പെൻഷനുകളോ ഒന്നുമില്ല. എന്നിട്ടും കേരളത്തേക്കാൾ കൂടുതൽ പൊതുകടമുള്ള 8 സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എല്ലാം കടം വർദ്ധിച്ചു വരുന്നത് രാജ്യം അനുവർത്തിക്കുന്ന സാമ്പത്തിക നയത്തിന്റെ ഫലമായാണ്. തിരുത്തപ്പെടേണ്ടത് ആ നയമാണ്. അത് തിരുത്തിയാൽ തന്നെ കടഭാരങ്ങൾ ക്രമേണ ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വരുമാനം കേന്ദ്രത്തിൽ നിന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഉണ്ട്. എന്നാൽ കേരളത്തിന്റെ വരുമാനത്തിന്റെ 64 ശതമാനത്തോളം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ സാമ്പത്തികസഹായം കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നതാണ് പൊതുവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതീതി. ഇതിനു കാരണം കേരളവിരുദ്ധ ശക്തികളുടെ സ്വാർത്ഥതാൽപര്യങ്ങളും കള്ളപ്രചാരണങ്ങളുമാണ്. അവയെ ചെറുത്തുതോൽപ്പിക്കുന്നതാണ് സംരംഭകവർഷം പദ്ധതിയുടെ വലിയ വിജയം. കള്ളപ്രചാരകരുടെ വായടിപ്പിക്കുന്നതാണ് സംരംഭക പദ്ധതിയുടെ വിജയം. ഇവിടം വ്യവസായ നിക്ഷേപ സൗഹൃദമാണെന്നും നല്ല നിലയ്ക്ക് ഇവിടെ ബിസിനസ്സ് സംരംഭങ്ങൾ നടത്താമെന്നും ഉള്ളതിന്റെ തെളിവാണ് മഹാസംഗമത്തിന് എത്തിയ ഓരോ സംരംഭകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിന് വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സൂക്ഷ്മ - ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള ആക്ട് പാസാക്കിയത് 2019 ലാണ്. 50 കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് മൂന്ന് വർഷത്തേക്കുള്ള അനുമതിയും ലഭിച്ചതായി കണക്കാക്കി പ്രവർത്തിക്കാം. 50 കോടി രൂപയിൽ കൂടുതൽ മുതൽമുടക്കുള്ളവയ്ക്ക് ഒരു വർഷത്തേക്ക് അനുമതി ലഭ്യമായതായി കണക്കാക്കി പ്രവർത്തിക്കാനും നിയമ ഭേദഗതിയും വരുത്തിയിട്ടുണ്ട്. കൂടാതെ പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പ്രശ്‌ന പരിഹാരത്തിന് ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇത് സംരംഭകർക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 മുതൽക്കുള്ള കണക്കുകളെടുത്താൽ കെ എസ് ഐ ഡി സി യിലൂടെ 242 സംരംഭങ്ങളും, കിൻഫ്രയിലൂടെ 721 സംരംഭങ്ങളും യാഥാർത്ഥ്യമായിട്ടുണ്ട്. അവയിലൂടെ 4,653 കോടി രൂപയുടെ സാമ്പത്തികസഹായം നൽകുകയും 49,594 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി യിലൂടെയാകട്ടെ 5,405 സംരംഭങ്ങൾക്ക് 12,048 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി.ഈ വിധത്തിൽ വ്യവസായ മേഖലയിലുണ്ടായ വളർച്ചയുടെ മാറ്റം നാട്ടിലാകെ ദൃശ്യമാണ്. ഇതിന്റെയെല്ലാം ഫലമായി വ്യാവസായിക സൗഹൃദ റാങ്കിംഗിൽ കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.

പരമ്പരാഗത നൂതന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും കേരത്തിൽ പ്രോത്സാഹനം നൽകുന്നുണ്ട്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനം കേരളമാണ്. 2022 ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോഡബിൾ ടാലന്റ്‌സ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്.

കഴിഞ്ഞ ആറരവർഷം കൊണ്ട് 3800 സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. നാൽപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഇതുവഴി  സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,561 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് അവയ്ക്കായി ലഭ്യമാക്കി. 836 കോടി രൂപയുടെ നിക്ഷേപം ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. 29 കോടി രൂപയാണ് ഇന്നോവേഷൻ ഗ്രാന്റ് എന്ന നിലയിൽ സർക്കാർ ചെലവഴിച്ചത.് ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന നടപടികളാണ് സ്വീകരിച്ചത്.

സംരംഭങ്ങൾ ആരംഭിക്കുന്നതോടൊപ്പം തൊഴിൽ നൈപുണ്യം സിദ്ധിച്ചവരെ ലഭിക്കേണ്ടതുണ്ട്. ഇത് ലക്ഷ്യമാക്കിയാണ് നൈപുണ്യ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചത്. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം തുടങ്ങിയവയെല്ലാം ഈ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ കെ-ഡിസ്‌ക്, നോളഡ്ജ് ഇക്കണോമി മിഷൻ എന്നിവയിലൂടെ എല്ലാ നൈപുണ്യ വികസന ഏജൻസികളെയും ഏകോപിപ്പിക്കാനുള്ള പ്രവർത്തനവും നടത്തുന്നു. വ്യത്യസ്ത അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും വ്യക്തിത്വ വികസന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇവയുടെയെല്ലാം നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും സംരംഭങ്ങളുടെ വികസനത്തിന് ഉപയോഗിക്കാനും സംരംഭകർ ശ്രദ്ധിക്കണം.

വ്യാവസായിക പുനഃസംഘടനയിലൂടെയും കാർഷിക നവീകരണത്തിലൂടെയുമെല്ലാം ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനകളുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ജി ഡി പി തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 12.01 ശതമാനം ഉയർന്നു. ഉത്പാദനമേഖലയും കൃഷിയും വ്യവസായവും കാര്യമായ മുന്നേറ്റമുണ്ടാക്കി. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവിൽ വളർച്ച നേടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഈ നേട്ടങ്ങൾക്ക് തുടർച്ച ഉറപ്പുവരുത്താൻ നമ്മുക്ക് കഴിയണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളർച്ച സാധ്യമാക്കാനും നമ്മുക്കു കഴിയണം. അതിന് കരുത്തുപകരാൻ ഓരോരുത്തരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷതവഹിച്ചു. സ്‌കെയിൽ അപ്പ് പദ്ധതിയുടെ സർവേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു.    എംഎൽഎമാരായ ആന്റണി ജോൺ, പി വി ശ്രീനിജിൻ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ പി എം മുഹമ്മദ് ഹനീഷ്, സുമൻബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡറക്ടർ എസ് ഹരികിഷോർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ കെ സുധീർ, പി എസ് സുരേഷ്‌കുമാർ, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറൽ മാനേജർ പി എ നജീബ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top