തിരുവനന്തപുരം > മയക്കുമരുന്ന് ലഹരി വസ്‌തു കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ ധാരണയായി.
ലഹരി മരുന്നുകൾക്കെതിരെ സംസ്ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ലഹരിക്കുറ്റങ്ങളിൽ പ്രതികളാകുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകണമെന്ന തീരുമാനം യോഗത്തിലുണ്ടായി.
സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാനുള്ള മാർഗങ്ങളും ചർച്ചയായി. സൈബർകുറ്റകൃത്യങ്ങൾ തടയാൻ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുണ്ടാകും. കുറ്റാന്വേഷണം ശാസ്ത്രീയമാക്കാനായി എല്ലാ പൊലീസുകാർക്കും ആധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പരാതി ലഭിച്ചാൽ കാലതാമസമില്ലാതെ കേസെടുക്കും. പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നവർ യഥാസമയം കൈപ്പറ്റ് രസീത് നൽകണം.
പൊലീസുകാരുടെ ശമ്പളം, ഡിഎ, പെൻഷൻ തുടങ്ങിയ ക്ഷേമകാരൃങ്ങൾ കൃത്യമായി നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപിമാരായ കെ പത്മകുമാർ, ടി കെ വിനോദ്‌കുമാർ, വിജയ് സാഖറെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, ആഭ്യന്തര സെക്രട്ടറി വി വേണു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..