20 April Saturday

കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല; കിഫ്‌ബിക്കെതിരായ നീക്കം കേരളത്തിന്റെ വികസനം തടയാൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കൊല്ലം > രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത്‌ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുമ്പ് ജനാധിപത്യവിരുദ്ധ നിലപാടുകൾ മാധ്യമങ്ങൾ തുറന്ന് കാണിച്ചിരുന്നു. ഇപ്പോൾ ആ നില മാറി. ഇന്ന് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. ബിജെപി സർക്കാരുകൾ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തങ്ങൾ കാണുന്നതേ ഇല്ല എന്നാണ് മാധ്യമങ്ങളുടെ നിലപാട്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേന്ദ്ര സർക്കാർ നീങ്ങുമ്പോഴും അത് തുറന്നു കാണിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കേരളത്തിലെ വികസനം തടയാനാണ്‌ ഇഡി ലക്ഷ്യമിടുന്നത്‌. കിഫ്‌ബിയെ ലക്ഷ്യമിടുന്നത്‌ അതിനുവേണ്ടിയാണ്‌. കേരളത്തിലെ വികസനം തടയാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്‌. കേരളമെന്നൊരു സംസ്ഥാനത്തെ ഒഴിച്ചുനിർത്തിക്കൊണ്ടാണോ രാജ്യത്തിന്റെ വികസനം. ചില കാര്യങ്ങൾ കേന്ദ്രവും ചില കാര്യങ്ങൾ സംസ്ഥാനവും ചെയ്യുകയാണ്‌ രീതി. ആ രീതി അട്ടിമറിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒന്നും നടക്കാൻ പാടില്ല എന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടത് സർക്കാരിന്റെ കാലത്ത് വികസനം വരാതിരിക്കാനാണ്  ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വിസനത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യുഡിഎഫ്  വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽ സിപിഐ എമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ  യുഡിഎഫിന്  കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top