26 April Friday

മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ ആക്രമണശ്രമം : സംഘത്തിൽ ഒരാൾകൂടി 
, ഗൂഢാലോചനയിലും പങ്കാളി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


കണ്ണൂർ
മുഖ്യമന്ത്രിയെ വിമാനത്തിൽ  അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ നാലാമതൊരാൾകൂടി. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ഇയാളും പ്രതികളുമായി നടത്തിയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷകസംഘത്തിന്‌ വിവരം ലഭിച്ചതായി സൂചന.  
തിരുവനന്തപുരം ജില്ലയിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌ പ്രതികളോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്‌.  കേസിലെ പ്രതികൾക്ക്‌ എല്ലാ നിർദേശങ്ങളും നൽകിയത്‌ വിമാനത്തിലുണ്ടായിരുന്ന തിരുവനന്തപുരത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌. ഇയാൾക്ക്‌ കണ്ണൂരുമായി വ്യക്തിപരമായ ബന്ധമുണ്ട്‌. 

കണ്ണൂരിലാണ്‌  ഗൂഢാലോചന നടത്തിയതെന്ന്‌ അന്വേഷകസംഘത്തിന്‌ വ്യക്തമായിട്ടുണ്ട്‌. കോൺഗ്രസ്‌ ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നു  ആക്രമണ പദ്ധതി. നേരത്തേ ടിക്കറ്റെടുത്താൽ മനസ്സിലാകുമെന്നതിനാലാണ്‌  അവസാന സമയത്താക്കിയത്‌. മട്ടന്നൂരിലെ ട്രാവൽ ഏജൻസിവഴിയാണ്‌ ഫർസീൻ മജീദ്‌ മൂന്നുപേർക്ക്‌ ടിക്കറ്റെടുത്തത്‌. നാലാമത്തെയാൾ നേരത്തെ ടിക്കറ്റെടുത്തിരുന്നു. മൂന്നുപേർക്കും കൂടിയ നിരക്കിലുള്ള ടിക്കറ്റാണ്‌ മട്ടന്നൂരിലെ ഏജൻസി കൊടുങ്ങല്ലൂരിലെ മറ്റൊരു ഏജൻസിവഴി എടുത്തത്‌. മൂന്ന്‌ ടിക്കറ്റിന്റെയും പണം നൽകിയിട്ടുമില്ല. മട്ടന്നൂരിലെ ഏജൻസിയുടമയും ഫർസീൻ മജീദും തമ്മിലുള്ള ബന്ധത്തിന്റെപേരിലാണ്‌ പണം നൽകാതെ ടിക്കറ്റെടുത്തു നൽകിയത്‌.

  ട്രാവൽ ഏജൻസിക്ക്‌ സംഭവം അറിയാമായിരുന്നോയെന്നും അന്വേഷകസംഘം പരിശോധിക്കുന്നു. പ്രതികളുടെ ഫോൺവിളികൾ സംബന്ധിച്ചും വിശദ പരിശോധന നടത്തുന്നുണ്ട്‌. പ്രതികളുടെയും ഗൂഢാലോചനയിൽ ഉൾപ്പെട്ടതായി സൂചന ലഭിച്ചവരുടെയും ഫോൺവിവരം പരിശോധിച്ചശേഷം ഇവരുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച്‌ എസ്‌പി പ്രജീഷ്‌ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top