02 December Saturday

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്മാറില്ല ; നിക്ഷിപ്ത താല്‍പര്യക്കാര്‍ ഒന്നിച്ച് കൂടി വികസനം തടയുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022


തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരം നാടിന്റെ മുന്നോട്ടുപോക്കിനെ തടയലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഏതു വേഷത്തിൽ വന്നാലും സമ്മതിച്ചുകൊടുക്കില്ല. സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ്‌ ലൈനിന്റെയും ഇടമൺ–- കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത്‌ അതുതന്നെ ഇവിടെയും സംഭവിക്കും. അതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും അനെർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവയ്‌ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. എല്ലാ രാഷ്ട്രീയ പാർടികളും സംഘടനകളും പദ്ധതി ആവശ്യമാണെന്ന്‌ പറയുന്നു. സമരസമിതി ഉന്നയിച്ച ഏഴുകാര്യത്തിൽ ആറും അംഗീകരിച്ചു. സമരക്കാരിൽ മുതിർന്ന ചിലർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ തീരശോഷണം ഉണ്ടോയെന്നു പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കാമെന്നും അറിയിച്ചു. സർക്കാരിന്‌ മറ്റൊന്നും ചെയ്യാനാകില്ല.

സത്യപ്രതിജ്ഞചെയ്‌ത്‌ അധികാരമേറ്റ മന്ത്രിയുടെ പേര്‌ അബ്ദുറഹിമാൻ എന്നതായതിനാൽ രാജ്യദ്രോഹിയെന്ന്‌ ഒരാൾക്ക്‌ പറയാൻ കഴിയുന്നു. എന്താണ്‌ ഇളക്കിവിടാൻ നോക്കുന്ന വികാരം. നാടിന്റെ പൊതുവായ വികസനകാര്യങ്ങളിൽ തടസ്സമുണ്ടാക്കാൻ നിക്ഷിപ്‌ത താൽപ്പര്യക്കാർ എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്‌. അവരെല്ലാം ഇവിടെ ഒത്തുചേർന്ന്‌ വലിയ ഗൂഢാലോചനയുമായി വരുന്നു. ശാന്തിയും സമാധാനവുമുള്ള കേരളത്തിന്റെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നു.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന 2016ൽത്തന്നെ പദ്ധതി മുന്നോട്ടുപോയിരുന്നു. പുതിയ സർക്കാർ വരുമ്പോൾ പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്‌ക്ക്‌ ഇടിവുവരും. അത്‌ സംസ്ഥാനതാൽപ്പര്യത്തിന്‌ വിഘാതമാകുമെന്നതിനാൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന്‌ വ്യക്തമാക്കിയതാണ്‌. നാടിന്‌ ആവശ്യമുള്ള പദ്ധതിയെ ഏതെങ്കിലും കൂട്ടർ എതിർത്താൽ അതിനു സർക്കാർ വഴങ്ങില്ല. നാടിനോടും വരുംതലമുറയോടും താൽപ്പര്യമുള്ള എല്ലാവരും അതിനെ പിന്തുണയ്‌ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി.

പൊലീസ്‌ നടപടി 
അഭിനന്ദനാർഹം
വിഴിഞ്ഞത്ത്‌   പൊലീസുകാരെ  കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ   അക്രമ സമരത്തെ  സമചിത്തത കൈവിടാതെ ഉത്തരവാദിത്വത്തോടെ നേരിട്ട സേനാംഗങ്ങളെ അഭിനന്ദിക്കുന്നതായി  മുഖ്യമന്ത്രി പറഞ്ഞു. നാട്‌ മറ്റൊരുതലത്തിലേക്ക്‌ മാറാതെ അക്രമികളെ നേരിടാൻ  പൊലീസ്‌ തയ്യാറായി.   രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ 18സി ബാച്ച്‌ വനിതാ പൊലീസ്‌ പാസിങ്‌ ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ രീതികളിലുള്ള പരീക്ഷണങ്ങൾ പൊലീസിന്‌ നേരിടേണ്ടിവരുന്നുണ്ട്‌.  അക്രമസമരങ്ങളും പൊലീസ്‌ സ്‌റ്റേഷൻ ആക്രമണങ്ങളും നടത്തുന്നു. നിരവധി പൊലീസുകാർക്കാണ്‌ പരിക്കേൽക്കുന്നത്‌. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. പൊതുഇടങ്ങളിലും കുടുംബങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ് സർക്കാർ. പൊലീസ് സേനയിലും വനിതകളുടെ പങ്കാളിത്തം ഉയരുകയാണ്. 2016നുശേഷം 554 വനിതകൾ പുതുതായി സേനയുടെ ഭാഗമായി. സാധാരണക്കാരോട്  മൃദുഭാവവും കുറ്റവാളികളോട് കർശന നിലപാടും സ്വീകരിക്കണം. കുറ്റവാളികൾ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top