24 April Wednesday

അമ്പലങ്ങളിലെ വരുമാനം സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം ബോധപൂർവം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

തൃശൂർ > അമ്പലങ്ങളിലെ വരുമാനമെടുത്ത്‌ സർക്കാർ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ 1720 കോടിയാണ്‌ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സംസ്ഥാന ഖജനാവിൽ നിന്നും ചെലവഴിച്ചത്‌. ഈ സർക്കാരിന്‌ ദേവസ്വം ബോര്‍ഡുകളോടുള്ള കരുതല്‍ അത്രത്തോളം വലുതാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്‌തതി ആഘോഷങ്ങൾ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

പ്രകൃതിദുരന്തങ്ങളുണ്ടായപ്പോഴും കോവിഡ്‌ കാലത്ത്‌ വരുമാനം കുറഞ്ഞപ്പോഴും  ദേവസ്വങ്ങൾക്ക്‌  താങ്ങായി 273  കോടി രൂപ സർക്കാർ നൽകി. അമ്പലങ്ങളുടെ നടത്തിപ്പിൽ നിന്നും സർക്കാർ മാറി നിൽക്കണമെന്ന്‌  ചിലർ പറയുന്നു. ക്ഷേത്രനടത്തിപ്പ്‌ വിശ്വാസികളെ ഏൽപ്പിക്കണമെന്നും പ്രചരിപ്പിക്കുന്നു. വിഷമഘട്ടങ്ങളിൽ  സർക്കാർ  സഹായം ലഭിച്ചില്ലെങ്കിൽ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകളും ജീവനക്കാരുടെ ശമ്പളവും ഏങ്ങനെയാണ്‌ നിർവഹിക്കുകയെന്ന്‌ ഇവർ ഓർക്കണം. അമ്പലങ്ങൾ ക്ഷയിച്ചുപോയ കാലത്ത്‌ ശാന്തിക്കാർക്കും കഴകക്കാർക്കും വിശപ്പകറ്റാന്‍ മാര്‍ഗ്ഗമില്ലാതായി. അവരുടെ ക്ഷേമവും അമ്പലങ്ങളുടെ നിലനില്‍പ്പും മുന്‍നിര്‍ത്തി അമ്പലങ്ങളുടെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുആവശ്യം ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചത്.

ക്ഷേത്രങ്ങളെ  ആരാധാനാലയങ്ങൾ മാത്രമായി കാണുന്ന നയമല്ല സർക്കാരിനുള്ളത്‌. മറിച്ച്‌  അവയെ സാംസ്‌കാരിക കൈമാറ്റത്തിനുള്ള ഇടങ്ങളായി കൂടിയാണ്‌ കാണുന്നത്‌. നിരവധിയാളുകളുടെ ഉപജീവനവുമായി  ബന്ധപ്പെട്ട  ഇടങ്ങൾ കൂടിയാണത്‌. അതിനാൽ അവിടത്തെ ജീവനക്കാരെ സംരക്ഷിച്ചാണ്‌ സർക്കാർ മുന്നോട്ടുപോവുന്നത്‌. സർക്കാർ പ്രവർത്തനങ്ങൾ എല്ലാ മേഖലകളെയും ചേർത്തുപിടിച്ചുള്ളതാണ്‌. 406 ക്ഷേത്രങ്ങളും രണ്ട്‌  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കൊച്ചിൻ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കേരളത്തെ  വൈജ്ഞാനിക സമ്പദ്ഘടനയായി മാറ്റിത്തീര്‍ക്കാന്‍ വലിയ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്.

ഉന്നതവിദ്യാഭ്യാസ മേഖലയും സ്ഥാപനങ്ങളും നവീകരിക്കുകയാണ്. കേരളത്തിലെ ശ്രദ്ധേയമായ രണ്ട് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കൊച്ചിൻ  ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ ഈ ബോര്‍ഡിന്റെ വലിയ പിന്തുണയുണ്ടാകണം. 73 -ാം വാർഷിക കാരുണ്യപ്രവർത്തനങ്ങൾക്കുൾപ്പടെ  നേതൃത്വം നൽകുന്നത്‌ സന്തോഷകരമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ വി നന്ദകുമാർ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top