25 April Thursday
സർക്കാർ സേവനം

ഓൺലൈൻ അപേക്ഷയിൽ 5 ദിവസത്തിനകം തീരുമാനമുണ്ടാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021


തിരുവനന്തപുരം
സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ പാടേ മാറണമെന്നും  എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച സംസ്ഥാന ശിൽപ്പശാല ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

അറുപതിൽപ്പരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്‌. വാണിജ്യ, വ്യാപാര ആവശ്യങ്ങളൊഴികെ സർക്കാർ സേവനങ്ങൾക്ക്‌ ഫീസ്‌ ഒഴിവാക്കി. ഗ്രാറ്റുവിറ്റി, റെസിഡൻസി, ലൈഫ്‌ സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെ നടപടി ലഘൂകരിച്ചു. ഒരിക്കൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ്‌ ഒരുവർഷക്കാലയളവിൽ ഏത്‌ ആവശ്യത്തിനും ഉപയോഗിക്കാനാകും. സേവനങ്ങൾ നവീകരിക്കുമ്പോൾ അർഹതയുള്ള ഒരാൾക്കുപോലും അതിന്റെ ഗുണം ലഭിക്കാതാകരുതെന്ന്‌ സർക്കാരിന്‌ നിർബന്ധമുണ്ട്‌. അതുറപ്പാക്കാൻ ഉദ്യോഗസ്ഥർക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാതിൽപ്പടി സേവനം : ജീവനക്കാർ സന്നദ്ധപ്രവർത്തകരാകും
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘വാതിൽപ്പടി സേവനം’ പദ്ധതിയിൽ സംസ്ഥാന ജീവനക്കാർ സന്നദ്ധപ്രവർത്തകരാകും. എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച ‘നവകേരളവും സിവിൽ സർവീസും’ സംസ്ഥാന ശിൽപ്പശാലയിലാണ്‌ അഭിപ്രായം രൂപപ്പെട്ടത്‌. സർക്കാർ ഓഫീസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങളുടെ ഉപയോഗരീതികളിലും ഡിജിറ്റൽ സാക്ഷരതയിലും ജനകീയ പ്രചാരണം സംഘടിപ്പിക്കാൻ സന്നദ്ധ സംഘങ്ങൾ രൂപീകരിക്കും. സർക്കാർ ഓഫീസ്‌ സ്‌ത്രീസൗഹൃദമാക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി  പ്രവർത്തനത്തിന്റെ ഭാഗമാക്കാനും ശിൽപ്പശാല ആഹ്വാനം ചെയ്‌തു.

മുഖ്യമന്ത്രി പിണറായി വിജയൻ ശിൽപ്പശാല ഉദ്ഘാടനംചെയ്തു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, സംസ്ഥാന ട്രഷറർ എൻ നിമൽരാജ് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ എന്നിവർ അധ്യക്ഷരായി.

 കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ശിൽപ്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. 15 വിഷയത്തിൽ സമാന്തര സെഷനുകൾ നടന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ,  പി രാജീവ്,  പി എ മുഹമ്മദ് റിയാസ്,  കെ രാജൻ, പി പ്രസാദ്, മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. ബി ഇക്ബാൽ, എസ്‌ എം വിജയാനന്ദ്, ഷീല തോമസ്, ശാരദ മുരളീധരൻ, ഡോ. ടി എൻ സീമ, ഡോ. സജി ഗോപിനാഥ്, ഡോ. പി വി ഉണ്ണികൃഷ്ണൻ, ഡോ. ജോയി ഇളമൺ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top