29 March Friday

ചോദ്യവും ഉത്തരവും പേടി ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


തിരുവനന്തപുരം
വയനാട്‌ പ്രശ്നത്തിൽ അടിയന്തര പ്രമേയത്തിന്‌ നൽകിയ നോട്ടീസ്‌ ചർച്ചയ്‌ക്കെടുത്താൽ ലഭിക്കാനിടയുള്ള മറുപടി ഭയന്ന്‌ പ്രതിപക്ഷം നിയമസഭയിൽനിന്ന്‌ ഒളിച്ചോടിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മറുപടി പൂർണമായും ഒഴിവാകണമെന്ന ആഗ്രഹത്തിൽ നിന്നാകാം ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അടിയന്തര പ്രമേയത്തിനുള്ള മറുപടി കേൾക്കാനും ചോദ്യമുന്നയിക്കാനും തയ്യാറായില്ല. നിയമസഭയോട്‌ ഈ രീതിയിലുള്ള സമീപനം ഇതാദ്യമാണ്‌. അടിയന്തര പ്രമേയം സഭയിൽ വരരുതെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്‌. സഭാനടപടികൾ തടസ്സപ്പെടുത്തുന്ന ശബ്ദകോലാഹലവും മുദ്രാവാക്യം വിളിയുമാണുണ്ടായത്‌. ചോദ്യോത്തരവേള പൂർണമായി തടസ്സപ്പെടുത്തി. സഭാനടപടി തടസ്സപ്പെടുത്തുന്നത്‌ എന്തിനെന്ന്‌  ആരും പറഞ്ഞില്ല. ഇവിടെ പ്രതിപക്ഷ നേതാവ്‌ ഒരക്ഷരം മിണ്ടിയില്ല.

നടുത്തളത്തിലിറങ്ങലും സ്പീക്കറുടെ കാഴ്‌ച തടയലുമാണ്‌ നടന്നത്‌. ചട്ടവിരുദ്ധമായ കാര്യങ്ങളാണുണ്ടായത്‌.  ചോദ്യോത്തര വേളപോലും തടസ്സപ്പെടുത്തി. ജനാധിപത്യ അവകാശം ഉപയോഗിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ഒരു ന്യായീകരണവും ഇതിനില്ല. നിയമസഭാ നടപടിക്രമങ്ങൾ അറിയുന്നവരാരും ഇതംഗീകരിക്കില്ല. സഭയ്‌ക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ്‌ ഇന്നുണ്ടായത്‌.  വല്ലാത്തൊരു അസഹിഷ്‌ണുതയാണ്‌  കണ്ടത്‌. എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കാനാകുന്നില്ല. സഭയ്‌ക്കകത്ത്‌ പറയാതെ പുറത്തുവന്ന്‌ കാര്യങ്ങൾ പറയുന്നു. അനിഷ്ടമായ കാര്യങ്ങൾ ഒഴിവാക്കി തങ്ങളുടെ വീക്ഷണമാണ്‌ പുറത്ത്‌ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താ സമ്മേളനത്തെയും ഭയക്കുന്നു
വാർത്താസമ്മേളനങ്ങളിലെ ചോദ്യങ്ങളെയും നിയമസഭയിലെ മറുപടികളെയും കോൺഗ്രസ്‌ ഭയക്കുകയാണെന്ന്‌ മുഖ്യമന്ത്രി  പറഞ്ഞു. മര്യാദയ്‌ക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. അലോസരമുണ്ടാക്കുന്ന ചോദ്യങ്ങളും വാർത്താസമ്മേളനത്തിലുണ്ടാകും. അതിനോടും മറുപടി പറയണം. അതല്ലെങ്കിൽ പറയാതിരിക്കാം. എന്നാൽ,  ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണം ഉയർത്തി 
അപകീർത്തിപ്പെടുത്താനാകില്ല
സ്വർണക്കടത്ത്‌ കേസിൽ ആരെയാണ്‌ എഴുന്നള്ളിക്കുന്നതെന്നും നെഞ്ചേറ്റുന്നതെന്നും ആലോചിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അവർ പറയുന്നത്‌ എല്ലാം മുഖവിലയ്‌ക്ക്‌ എടുക്കാനാകില്ലെന്ന്‌ കൊണ്ടുനടന്നവർതന്നെ പറയുന്ന അവസ്ഥയാണ് ഇപ്പോൾ. ആരോപണങ്ങൾക്ക്‌ ചിലർ നന്നായി തപ്പുകൊട്ടി കൊടുക്കുന്നുണ്ട്‌. അങ്ങനെ അപകീർത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം.

ഇത്തരം കാര്യങ്ങൾ കത്തിച്ചാൽ നല്ല നേട്ടമുണ്ടാക്കാമെന്നും ഇടതുപക്ഷത്തെയോ തന്നെയോ സർക്കാരിനെയോ അപകീർത്തിപ്പെടുത്താമെന്നുമാണ്‌ മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവർ കരുതിയിട്ടുണ്ടാവുക. അതൊന്നും ജനം വിശ്വസിക്കുന്നില്ല. ജനങ്ങൾക്കു മുന്നിൽ ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്‌. തെരഞ്ഞെടുപ്പിനു മുമ്പും ഇത്തരം കാര്യങ്ങളുണ്ടായി. ഭരണനേതൃത്വത്തിലുള്ള ചിലർക്കെതിരെ മൊഴി കൊടുക്കാൻ സമ്മർദം വന്നെന്ന്‌ കേസിൽപ്പെട്ട ചിലർ പറഞ്ഞു. അന്വേഷണ ഏജൻസികൾക്ക്‌ ഒന്നും കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പിന്റെ മൂർധന്യ ദശയിൽപ്പോലും ഒന്നും ചെയ്യാനായില്ല. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മലവെള്ളപ്പാച്ചിലിനേക്കാൾ ശക്തമായി വന്നിട്ടും ജനം എൽഡിഎഫിന്‌ 99 സീറ്റ്‌ സമ്മാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top