25 April Thursday

വയനാട്‌ സംഭവത്തിൽ കര്‍ശന നടപടിയാണെടുത്തത്‌, എന്നിട്ടും പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടു; നിയമസഭയിലും അതിന് ശ്രമം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

തിരുവനന്തപുരം> നിയമസഭയിൽ ചോദ്യോത്തരവേള പൂര്‍ണമായി തടസപ്പെടുത്തിയ  പ്രതിപക്ഷം സഭയിൽ അക്രമങ്ങൾക്കാണ്‌ ശ്രമിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത കാര്യമാണ് ഇന്ന് സംഭവിച്ചത്‌.  എ്‌ന്താണ്‌ ഉന്നയിക്കുന്ന വിഷയമെന്ന്‌ സഭയ്ക്ക് മുന്നില്‍ പറയാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്‌ രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അനിഷ്‌ട‌ സംഭവത്തിൽ കർശന നടപടി ആണ്‌ എടുത്തിട്ടുള്ളത്‌. എന്നിട്ടും പ്രതിപക്ഷം അക്രമം അഴിച്ചുവിട്ടു. നിയമസഭയിലും അത്‌ ആർവത്തിക്കാനാണ്‌ ശ്രമിച്ചത്‌. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ഒരുകാരണവശാലും നിയമസഭയില്‍ വരാന്‍ പാടില്ലെന്ന നിലപാടാണ്‌  അവർ തന്നെ സ്വീകരിച്ചത്‌. അതിന്‌ വേണ്ടി സഭാ നടത്തിപ്പ്‌ പല തവണ തടസ്സപ്പെടുത്തി. സഭാ നടപടികളുമായി സഹകരിക്കാൻ  സ്‌പീക്കര്‍ പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.

സാധാരണ ഗതിയില്‍ ഉപയോഗിക്കേണ്ട ജനാധിപത്യപരമായ അവകാശം ഉപയോഗിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കാണാനായത്. തങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ അംഗീകരിക്കുന്നില്ല, അത് പൂര്‍ണമായി തള്ളിക്കളയുകയാണെന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. വല്ലാത്തൊരു അസഹിഷ്‌ണുതയാണ് കണ്ടത്. നോട്ടീസ് കൊടുത്ത വിഷയം  സഭയ്ക്കകത്ത് ഉന്നയിച്ചാല്‍ അതുമായി ബന്ധപ്പെട്ട മറുപടി പൂര്‍ണമായും ഒഴിവാകണമെന്ന് യുഡിഎഫ് ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇത്തരം നിലപാടുണ്ടായതെന്നെ അനുമാനിക്കാനാകു- മുഖ്യമന്ത്രി പറഞ്ഞു.

 നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പ് നിയമസഭയിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നതിനാണ് ശ്രമിച്ചത്  . രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അനിഷ്‌ട‌ സംഭവത്തെ ഏതെങ്കിലും തരത്തില്‍  ന്യായീകരിക്കാന്‍ ആരും ശ്രമിച്ചില്ല. വയനാട് സിപിഐ എം മാര്‍ച്ചിനെ അംഗീകരിച്ചില്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിയും അപലപിക്കുകയാണ് ചെയ്‌തത്. സര്‍ക്കാര്‍ കര്‍ക്കശ നിയമനടപടികളുമെടുത്തു. കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഡിവൈഎസ് പി തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് കൂടുതല്‍ അന്വേഷണത്തിന് എഡിജിപിയെ ചുമതലപ്പെടുത്തി.
 കൃത്യമായ നിലപാടുണ്ടായതിന് ശേഷവും വലിയ തോതിലുള്ള ആക്രമണം നടത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. തങ്ങള്‍ക്ക് അവസരം കിട്ടി എന്ന മട്ടില്‍ കലാപാന്തരീക്ഷത്തിന് ശ്രമിച്ചു. അക്കൂട്ടത്തില്‍ കല്‍പ്പറ്റ എംഎല്‍എയുടെ ഗണ്‍മാനും പങ്കെടുത്തുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്- മുഖ്യമന്ത്രി വിശദകീരിച്ചു.

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിടുമെന്ന് പ്രതിപക്ഷ നേതാവ് ഭീഷണിപെടുത്തി. എന്തിനീ നില സ്വീകരിച്ചു. അതിന് തുടര്‍ച്ചയായി കൈകള്‍ അറുത്തുമാറ്റുമെന്ന അണികളുടെ ആക്രോശവുമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇവിടെ രണ്ട് തരം സമീപനം നാം കാണണം. തെറ്റായ കാര്യമുണ്ടായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ സംസ്‌കാരം. കര്‍ക്കശമായ നടപടി എടുത്ത രീതി. നേരത്തെ ഇത്തരം സമീപനമാണോ സ്വീകരിച്ചത് എന്നും  നാം ചിന്തിക്കണം. എന്നാല്‍, അതൊന്നും ഗൗനിക്കാതെ എങ്ങനെ പ്രശ്‌നമുണ്ടാക്കാം എന്നാണ് പ്രതിപക്ഷം ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു

 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top