29 March Friday

സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

മൂന്നാമത് വനിതാ പൊലീസ് ബറ്റാലിയൻ പാസിങ്‌ ഔട്ട്‌ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ 
സല്യൂട്ട് സ്വീകരിക്കുന്നു ഫോട്ടോ: കെ എസ് പ്രവീൺ കുമാർ


തൃശൂർ
പൊലീസ്‌ ഉൾപ്പെടെ യൂണിഫോം സർവീസുകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ പൊലീസ് ബറ്റാലിയൻ മൂന്നാമത് ബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സ്ത്രീകൾ പിന്നിലല്ലെന്നും ഏത് ചുമതലയും നിർവഹിക്കാൻ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് വനിതാ പൊലീസ് ബറ്റാലിയൻ നൽകുന്നത്. സ്ത്രീശാക്തീകരണത്തിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടിയിൽ ഏറ്റവും പ്രധാനമാണ് പൊലീസ് സേനയിലെ വനിതാ സാന്നിധ്യം. അത് സ്ത്രീകളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രൊഫഷണൽ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉൾപ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയൻ. ഇത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കും. ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയ പ്രകടനമാണ് കേരള പൊലീസ്  കാഴ്ചവയ്ക്കുന്നത്. ഏതൊരു ആപൽഘട്ടത്തിലും ജനങ്ങളുടെ ഉറ്റ സഹായിയായി പൊലീസ് മാറിക്കഴിഞ്ഞു. ഇതിന്‌ അപവാദമായ ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

446 വനിതകൾ പൊലീസ്‌ സേനയുടെ ഭാഗം
വനിതാ പൊലീസ് ബറ്റാലിയൻ മൂന്നാം ബാച്ചായി 446 പേർ സേനാംഗങ്ങളായി. പരേഡ് കമാൻഡർ പി ജെ ദിവ്യയുടെ നേതൃത്വത്തിൽ 16 പ്ലാറ്റൂണിലായാണ്‌ സേനാംഗങ്ങൾ പരേഡിൽ അണിനിരന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട്‌ സ്വീകരിച്ചു. വൻ ജനാവലി പരേഡ്‌ വീക്ഷിക്കാനെത്തി.

പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കൊല്ലം കരിക്കോട് കൃഷ്ണാഞ്ജനം വീട്ടിൽ എ വർഷ (ഇൻഡോർ), വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടിൽ പി ജെ ദിവ്യ (ഔട്ട്‌ഡോർ), വൈക്കം ആലവേലിൽ വീട്ടിൽ കെ എസ് ഗീതു (ഷൂട്ടർ), പാറശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള വീട്ടിൽ എസ് ഐശ്വര്യ (മികച്ച ഓൾറൗണ്ടർ) എന്നിവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു.മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സംസ്ഥാന പൊലീസ് മേധാവി വൈ അനിൽകാന്ത്,  പൊലീസ് അക്കാദമി ഡയറക്ടർ ബൽറാം കുമാർ ഉപാധ്യായ, ട്രെയിനിങ്‌ ഐജി കെ പി ഫിലിപ്പ്, കമീഷണർ ആർ ആദിത്യ, റൂറൽ എസ്‌പി ഐശ്വര്യ ഡോംഗ്രെ, അക്കാദമി അസി.ഡയറക്ടർമാരായ കെ കെ അജി, പി എ മുഹമ്മദ് ആരിഫ്, എൽ സോളമൻ, എസ്‌ നജീബ്  തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top