24 April Wednesday
മുഖ്യമന്ത്രിയുടെ നോർവെ സന്ദർശനം

ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 
കോടിയുടെ നിക്ഷേപം ; വയനാട്‌ തുരങ്കപാതാ നിർമാണത്തിന്‌ സാങ്കേതികസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ്‌ കൺസ്യൂമർ ഗുഡ്‌സ്‌ 
സിഇഒ ആറ്റ്‌ലെ വിഡറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തുന്നു


തിരുവനന്തപുരം
കേരളത്തിൽ ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട്‌ തുരങ്കപാതാ നിർമാണത്തിന്‌ സാങ്കേതികസഹായവും വാഗ്‌ദാനം ചെയ്‌ത്‌ നോർവീജിയൻ സ്ഥാപനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോർവെ സന്ദർശനത്തിലാണ്‌ ഇക്കാര്യങ്ങളിൽ ഉറപ്പു ലഭിച്ചത്‌. 

കേരളത്തിൽ ഭക്ഷ്യസംസ്‌കരണ മേഖലയിലാണ്‌ പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നും ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വിഡർ ഉറപ്പുനൽകി. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത്‌ ഈ കമ്പനിയാണ്. പുനരുപയോഗ ഊർജരംഗത്ത്‌ നിക്ഷേപത്തിനും ആലോചിക്കുന്നുണ്ട്‌.

വയനാട്‌ തുരങ്കപാതാ നിർമാണത്തിനാണ്‌ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എൻജിഐ) സാങ്കേതികസഹായം വാഗ്‌ദാനം ചെയ്‌തത്‌. നിലവിൽ ഇന്ത്യൻ റെയിൽവേക്ക് തുരങ്കപാതാ നിർമാണത്തിൽ എൻജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിൽ പാറയുടെ സ്വഭാവമറിയാനുള്ള  നോർവീജിയൻ സാങ്കേതികവിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്.

ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങൾ നേരിടൽ, വയനാട് തുരങ്കപാതാ നിർമാണം, തീരശോഷണം തടയൽ എന്നീ മേഖലകളിലും എൻജിഐ കേരളവുമായി സഹകരിക്കും. വിദഗ്‌ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്‌ധൻ ഡൊമനിക് ലെയ്ൻ ഉറപ്പുനൽകി.

മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ എൻജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യവസായമന്ത്രി പി രാജീവും ചർച്ചകളിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top