26 April Friday
കോടതി പരിശോധിച്ചത്‌ 
പിൻവലിക്കാൻ അവകാശമുണ്ടോയെന്ന്‌

സുപ്രീംകോടതി 
വിധി മാനിക്കുന്നു; 
തുടർനടപടി എടുക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


തിരുവനന്തപുരം
നിയമസഭയിൽ നടന്ന സംഭവത്തിന്റെ പേരിലുള്ള കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടോ എന്നാണ്‌ സുപ്രീംകോടതി പരിശോധിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഫയൽ ചെയ്ത കേസിലെ വിചാരണയോ വിധിയോ അടിസ്ഥാനപ്പെടുത്തിയുള്ള സുപ്രീംകോടതി നിർദേശമല്ലിത്‌. കേസ് പിൻവലിക്കൽ, തെളിവുകൾ കണക്കിലെടുത്തുള്ള വിധിയായി പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി വിധികൾ നിലവിലുണ്ട്. കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പബ്ലിക്‌ പ്രോസിക്യൂട്ടർക്ക് അവകാശവുമുണ്ട്‌. ഇക്കാര്യത്തിൽ അനുമതി നൽകുമ്പോൾ കോടതി മേൽനോട്ടച്ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്‌. പി ടി തോമസിന്റെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭ പ്രതിഷേധത്തെതുടർന്ന്‌ ചില അംഗങ്ങൾക്കെതിരെ എടുത്ത കേസ്‌ പിൻവലിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിധി മാനിക്കുന്നു. വിധിക്ക്‌ അനുസരിച്ച്‌ തുടർനടപടി എടുക്കും. 2015 മാർച്ച് 13ന് നടന്ന സംഭവത്തിൽ  മ്യൂസിയം പൊലീസ് കേസ് എടുത്തിരുന്നു. സർക്കാരിന് അപേക്ഷ ലഭിച്ചതിനെത്തുടർന്നാണ്‌ കേസ് പിൻവലിക്കുന്നതിന്  അപേക്ഷ നൽകിയത്‌. ഹൈക്കോടതി കേസ് പിൻവലിക്കാൻ അനുമതി നൽകിയില്ലെങ്കിലും പ്രോസിക്യൂട്ടറുടെ നടപടിയിൽ അസ്വാഭാവികത കണ്ടിരുന്നില്ല. കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവകാശം വ്യക്തമാക്കുന്ന മുൻ വിധികളുമുണ്ട്‌. ജോർജ്‌ ഫെർണാണ്ടസിനും കൂട്ടർക്കുമെതിരായ കേസ് പിൻവലിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിലും സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌–- അദ്ദേഹം പറഞ്ഞു. 

പൊതുതാൽപ്പര്യം മുൻനിർത്തിയാണ്‌ പിൻവലിക്കാൻ അപേക്ഷ നൽകിയത്‌. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിൻവലിക്കാൻ നൽകുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാകണമെന്നില്ല. അപേക്ഷ പബ്ലിക്‌ പ്രോസിക്യൂട്ടർ നൽകിയത് ദുരുദ്ദേശ്യപരമല്ലെന്നും മറ്റു കാരണംകൊണ്ടല്ലന്നും ഹൈക്കോടതി  നേരത്തേ പറഞ്ഞിട്ടുമുണ്ട്‌.
ഭരണഘടനാ ചട്ടങ്ങൾക്ക്‌ അനുസരിച്ച്‌ പ്രത്യേക അവകാശമുള്ള നിയമനിർമാണ സഭയ്‌ക്കകത്ത് ഉണ്ടാകുന്ന സംഭവങ്ങൾ സഭയിൽത്തന്നെ തീരുന്നതാണ്‌ നല്ലത്‌. പൊലീസ്‌ നടപടിയിലേക്കും കോടതി വ്യവഹാരത്തിലേക്കും അതിനെ യുഡിഎഫ്‌ കൊണ്ടുപോയത്‌ സഭയ്‌ക്ക്‌ ഗുണകരമാണോയെന്ന്‌ ആലോചിക്കണം. അന്ന്‌ യുഡിഎഫ്‌ ഏകപക്ഷീയമായാണ്‌ കാര്യങ്ങൾ ചെയ്തത്‌. വനിതാ സാമാജികർ നൽകിയ പരാതി ക്രിമിനൽ കേസ്‌ നടപടിക്ക്‌ വിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top