20 April Saturday

ന്യൂനപക്ഷ ക്ഷേമത്തിനായി മികച്ച ഇടപെടൽ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

തിരുവനന്തപുരം> ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
2008-ലാണ് പൊതുഭരണ വകുപ്പിന്റെ ഭാഗമായി പ്രത്യേകം ന്യൂനപക്ഷ സെൽ രൂപീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്കായുള്ള ഇമ്പിച്ചിബാവ ഭവനപദ്ധതിയിലെ തുക ലൈഫ് മിഷന്റേതിനു സമാനമായി നാലു ലക്ഷമാക്കി സർക്കാർ കൂട്ടി.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി  ജോസഫ് മുണ്ടശ്ശേരിയുടെ പേരിലും സാങ്കേതിക മേഖലയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്കായി എ പി ജെ അബ്ദുൾകലാമിന്റെ പേരിലും സ്‌കോളർഷിപ്‌ നൽകുന്നുണ്ട്. സാങ്കേതിക മേഖലയിൽ പഠനം നടത്താൻ എൻറോൾ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിപ്പിക്കാനായി  30 ശതമാനം സ്‌കോളർഷിപ്‌ പെൺകുട്ടികൾക്കായി നീക്കിവച്ചു. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലെ മികച്ച വിദ്യാർഥികൾക്ക് മദർ തെരേസയുടെ പേരിലുള്ള സ്‌കോളർഷിപ്പും നൽകുന്നുണ്ട്.

   ഇത്തവണത്തെ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമം മുൻനിർത്തി പുതിയ മൂന്ന് പദ്ധതികൾകൂടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് നെറ്റ് പരീക്ഷാ പരിശീലനവും വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് 10 ലക്ഷം രൂപാ വീതം സ്‌കോളർഷിപ്പും നൽകും.

സിസിഎംവൈ പൊന്നാനി കോച്ചിങ് സെന്ററിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ ഒരു കോടിരൂപ വകയിരുത്തി. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ജനസംഖ്യാടിസ്ഥാനത്തിൽ പരിഗണിക്കാനായി ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികമായി അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഡയറക്‌ടർ ഡോ.എ ബി മൊയ്‌തീൻകുട്ടി, ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി എം ഹനീഫ, വഖഫ്‌ ബോർഡ്‌ ചെയർമാൻ ടി കെ ഹംസ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top