29 March Friday

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് കണ്ണിൽച്ചോരയില്ലാത്ത ക്രൂരത : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
പ്രവാസികളെ ബഹിഷ്‌കരിക്കുന്നത്‌‌ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‌. ലോക കേരളസഭയ്‌ക്ക്‌  62 രാജ്യത്തുനിന്നും 21 സംസ്ഥാനത്തുനിന്നുമായി പ്രതിനിധികൾ പ്രകടിപ്പിച്ച ഐക്യവും മനപ്പൊരുത്തവും ചിലർക്ക്‌ മനസ്സിലാക്കാനാകുന്നില്ല‌. പ്രവാസികളെ മനസ്സിലാക്കാനും സ്‌നേഹിക്കാനും ആദരിക്കാനും ഇവിടെ ഒരു സർക്കാരുണ്ട്‌.  ആ സത്യത്തിന്റെ സൂര്യവെളിച്ചത്തിനുമുന്നിൽ പ്രവാസികൾക്ക്‌ മറക്കാവുന്നതാണ്‌ ഒറ്റപ്പെട്ട ബഹിഷ്‌കരണത്തിന്റെ സ്വരം. ലോക കേരള സഭയുടെ സമാപനത്തിൽ ചർച്ചകൾക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ കാരണങ്ങളാലാണ്‌ ബഹിഷ്‌കരണമെന്നാണ് ചിലർ സംശയിക്കുന്നത്‌‌. താൻ അസുഖബാധിതനാകുന്നതിന്‌ തൊട്ടുമുമ്പുള്ള ദിവസം‌ കടൽഭിത്തി നിർമാണവുമായി ബന്ധപ്പെട്ട ചെല്ലാനത്തെ പരിപാടിയിൽ തന്നോടൊപ്പം യുഡിഎഫ്‌ നേതാവ്‌ ഹൈബി ഈഡനും പങ്കെടുത്തു. അടുത്തദിവസം നിയമസഭയുടെ വിഷയനിർണയ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ്‌ തനിക്കൊപ്പമുണ്ടായിരുന്നു. മാസാവസാനം നിയമസഭാ സമ്മേളനത്തിലും അടുത്തമാസം ആദ്യം എംപിമാരുടെ യോഗത്തിലും ഇവരെല്ലാം പങ്കെടുക്കേണ്ടവരാണ്‌. എംഎൽഎമാരുടെയും എംപിമാരുടെയും പരിപാടികളിൽ സഹകരിക്കും,  പ്രവാസികളുടെ പരിപാടിമാത്രം ബഹിഷ്‌കരിക്കുമെന്നതാണ്‌ നിലപാട്‌. തീർത്തും അപഹാസ്യമാണിത്‌. പ്രവാസികൾ നാടിന്റെ വികസനത്തെക്കുറിച്ച്‌ പറയുന്നു‌. അവർ അത്‌ ആഗ്രഹിക്കുന്നു‌. അതിലേക്ക്‌ നാടും ലോക മലയാളികളും മനസ്‌ അർപ്പിക്കുന്നതിന്‌ തടസ്സമുണ്ടാക്കാനാണ്‌ ബഹിഷ്‌കരണ നാടകം. അത്‌ നാട്‌ അംഗീകരിക്കില്ല. ലോകമാകെയുള്ള മലയാളികളെ നാടിന്റെ അഭിവൃദ്ധിക്കായി ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ സഹകരിക്കുകയാണ്‌ നന്മയുള്ള ആരും ചെയ്യുക. കുടുംബത്തിനും നാടിനും എന്തു നൽകാനാകുമെന്ന്‌ ചിന്തിച്ച്‌ ഉരുകിത്തീരുന്ന മെഴുകുതിരികളാണ്‌ പ്രവാസികൾ. ത്യാഗപൂർണമായ ആ നിസ്വാർഥതയ്‌ക്കുമുന്നിൽ ഒരുമിച്ച്‌ നമിച്ചു‌നിൽക്കുകയാണ്‌ വേണ്ടത്‌.  

 കഴിഞ്ഞതവണ ലോക കേരളസഭയിൽ ഒരു കൂട്ടർ സഹകരിച്ചില്ല. ഇത്തവണ സഭാ സമ്മേളനത്തിന്റെ ആലോചന തുടങ്ങുന്നതിനുമുമ്പേ ഈ വിഭാഗവുമായി ആലോചന നടത്തി. ഇന്നത്തെ നേതൃസ്ഥാനീയർ പങ്കെടുക്കാമെന്നാണ് അറിയിച്ചത്‌. ഒടുവിൽ അതിനോട്‌ പുറംതിരിഞ്ഞുനിന്നു. ഇവരെ നയിക്കുന്നത്‌ ഏതുതരം ജനാധിപത്യബോധമാണെന്ന്‌ മനസ്സിലാകുന്നില്ല. പ്രവാസി സമൂഹത്തിന്റെ വക്താക്കൾതന്നെ അതിന്റെ അനൗചിത്യം ബന്ധപ്പെട്ടവരോട്‌ ചൂണ്ടിക്കാട്ടിയതാണ്‌. അപ്പോൾ ചിലർ വല്ലാതെ അസഹിഷ്‌ണുത കാട്ടുന്നു. എം എ യൂസഫലി വ്യക്തമാക്കിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അധിക്ഷേപിക്കാൻ ചിലർ ശ്രമിച്ചു. ഇതൊന്നും ശരിയായില്ലെന്ന്‌ ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ നേതൃത്വംതന്നെ പറയേണ്ടുന്ന സ്ഥിതിയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള മൈഗ്രേഷൻ സർവേ ഈവർഷം
ഈവർഷം കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ വിവരശേഖരം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റെ ചർച്ചകൾക്ക് ഓൺലൈനിൽ‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രവാസി ഡാറ്റാ പോർട്ടൽ ഒരുക്കും. വിപുലമായ ആഗോള രജിസ്ട്രേഷൻ പ്രചാരണം നടത്തും.

ലോക കേരളസഭ സമീപഭാവിയിൽ നിയമപ്രകാരമുള്ള സഭയായി മാറും. സഭയുടെ നിർദേശങ്ങൾ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കും. ഇതിൽ കേന്ദ്രവുമായി ആലോചിച്ച് നടപ്പാക്കേണ്ടവ അങ്ങനെയും സംസ്ഥാനം തീരുമാനമെടുക്കേണ്ടത് അത്തരത്തിലും പരിഗണിക്കും.

പ്രവാസി കൂട്ടായ്മയ്ക്ക് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം  കേരളത്തിൽ സ്ഥാപിക്കാനാകും. ഇതിന് എല്ലാ പിന്തുണയും സർക്കാർ നൽകും. വികസിത മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് ശ്രമം. 25 വർഷത്തിനുള്ളിൽ ഈ സ്ഥിതിയിലെത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. ഇതിനാവശ്യമായ നിർദേശങ്ങൾ പ്രവാസികളും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top