19 April Friday

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും ; വിദ്യാഭ്യാസമേഖലയെ കാലത്തിനൊത്ത്‌ നവീകരിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


തിരുവനന്തപുരം
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആസൂത്രണം ചെയ്യുകയാണെന്നും വിദ്യാഭ്യാസമേഖലയെ കാലത്തിനൊത്ത്‌ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷൻ പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത്‌ ആറു ശതമാനത്തിലധികംപേർ സാക്ഷരരാകാനുണ്ട്‌. ഇതിനുള്ള പദ്ധതിയാണ്‌ പഠ്‌ന ലിഖ്‌ന അഭിയാൻ. അടിസ്ഥാന ജനവിഭാഗം, ന്യൂനപക്ഷം, സ്‌ത്രീകൾ എന്നിവരെ ശാക്തീകരിക്കുന്ന പദ്ധതിയായി ഇതിനെ രൂപപ്പെടുത്തും. എഴുതാനും വായിക്കാനും പഠിക്കുന്ന വ്യക്തി വിജ്ഞാന ലോകത്തേക്ക്‌ കണ്ണിചേർക്കപ്പെടുന്നു. വിജ്ഞാനം സാമൂഹ്യപരിഷ്‌കരണത്തിൽ വലിയ പങ്കുവഹിക്കുന്നു. സർവത്രിക വിദ്യാഭ്യാസം പ്രാവർത്തികമായത്‌ നവോത്ഥാന നായകരുടെ പ്രവർത്തനത്താലാണ്‌. വിദ്യാഭ്യാസം കൂടുതൽ പേരിൽ എത്തിക്കാൻ ശ്രീനാരായണ ഗുരുവും  ചട്ടമ്പി സ്വാമിയും അടക്കമുള്ളവർ ഇടപെട്ടു. അയ്യൻകാളി ഇടപെട്ട ഊരൂട്ടമ്പലം സ്‌കൂളിന്റെ അനുഭവവും കേരളത്തിനുണ്ട്‌.


 

നവോത്ഥാന നായകർ ഉയർത്തിയ മുദ്രാവാക്യം ഇടതുപക്ഷം ഏറ്റെടുത്തു. 1957ലെ ഇ എം എസ്‌ സർക്കാരാണ്‌ കേരളത്തെ ഇന്നുകാണുന്ന നിലയിലേക്ക്‌ ഉയർത്തിയ നടപടിക്ക്‌ അടിത്തറയിട്ടത്‌. ഇ എം എസ്‌ സർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെ തുടർന്ന്‌ വലിയ മാറ്റം കേരളത്തിലുണ്ടായി. എൽഡിഎഫ്‌ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണം ആരംഭിച്ചു. മഹാമാരിയിൽ ഇന്ത്യയിൽ ഫലപ്രദമായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിയെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ ഡയറക്ടർ ഡോ. പി എസ്‌ ശ്രീകല, ധന്യ ആർ കുമാർ, ബി എസ്‌ മനോജ്‌, കെ കുഞ്ഞഹമ്മദ്‌, ആർ എൻ അൻസർ, ലെഫ്‌റ്റനന്റ്‌ കേണൽ ദീപക്‌, സതീഷ്‌ചന്ദ്രബാബു, എ സന്ദീപ്‌ ചന്ദ്രൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top