29 March Friday

'ഈ വിയോഗം അത്ര പെട്ടെന്ന് നികത്താനാകില്ലെന്നറിയാം'; ഉൾക്കടൽ വിങ്ങി ; പാതി മുറിഞ്ഞു

വിനോദ്‌ പായംUpdated: Monday Oct 3, 2022

കോടിയേരിയെ അനുസ്‌മരിച്ച്‌ പയ്യാമ്പലത്ത്‌ ചേർന്ന യോഗത്തിൽ ദുഃഖഭാരത്തോടെ എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവർ ഫോട്ടോ: ജി പ്രമോദ്

കണ്ണൂർ> പയ്യാമ്പലത്ത്‌ ആ ഉൾക്കടലൊന്ന്‌ വിങ്ങി. വാക്ക്‌ പാതിമുറിഞ്ഞു. കോടിയേരിയുടെ ഓർമകളിൽ പിണറായി വിജയൻ വിതുമ്പി. വിദ്യാർഥിക്കാലംമുതൽ ഒപ്പംതുടങ്ങിയ നടപ്പാണ്‌. രണ്ട്‌ സ്ഥലപ്പേരുകാർ. ഒരു കൊടിയുടെ തണൽ. അണിമുറിയാത്ത ആ ഓർമകൾ ചിതപോലെ പൊട്ടിയമർന്നപ്പോഴാണ് പയ്യാമ്പലത്തെ അനുശോചനയോഗത്തിൽ അധ്യക്ഷപ്രസംഗം മുഴുമിപ്പിക്കാനാകാതെ പിണറായി ഇരിപ്പിടത്തിലേക്ക്‌ മടങ്ങിയത്.

ഞായർ പകൽ രണ്ടുമുതൽ തലശേരി ടൗൺഹാളിൽ കോടിയേരിക്കായി വീഴുന്ന പൂക്കൾക്കരികിൽ പിണറായിയുണ്ട്‌. മുഖ്യമന്ത്രിയായല്ല, സഹോദരനും സഖാവുമായി. എട്ടു മണിക്കൂർ ടൗൺ ഹാളിലും ഒരു മണിക്കൂർ കോടിയേരിയുടെ വീട്ടിലും അദ്ദേഹം ഇരുന്നു.

 ‘സോദര തുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ്‌ ഞങ്ങളുടേത്‌. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ്‌ ഞങ്ങൾ’–- കോടിയേരിയുടെ മരണമറിഞ്ഞ്‌ പിണറായി ആദ്യംകുറിച്ച വാക്ക്‌. പൊള്ളിയടർന്ന ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിലും മറ്റും ജനലക്ഷങ്ങളുടെ കണ്ണുകളെ ആർദ്രമാക്കി. ആ സാഹോദര്യത്തിന്റെ, തീവ്രബന്ധത്തിന്റെ ഇഴചേർപ്പിനാണ് കേരളം രണ്ടുനാൾ സാക്ഷികളായത്. തിങ്കൾ രാവിലെ കോടിയേരിയിലെ വീട്ടിൽ ആദ്യമെത്തിയവരിൽ ഒരാളും പിണറായിതന്നെ. തുടർന്ന്‌ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌. എത്ര യോഗങ്ങളിൽ ഈ അഴീക്കോടൻ മന്ദിരത്തിൽ ഇവർ ഒന്നിച്ചിരുന്നിട്ടുണ്ടാകും. നാടാകെ ഏറ്റെടുത്ത എത്ര തീരുമാനം ഇവിടെ പിറന്നിട്ടുണ്ടാകും.

തിങ്കൾ പകൽ രണ്ടരയോടെ അഴീക്കോടൻ മന്ദിരത്തിൽനിന്ന്‌ മൂന്നു കിലോമീറ്റർ സഖാവിനൊപ്പം നടന്നു. ആദ്യമായിരിക്കാം പരസ്‌പരം ഒന്നുംമിണ്ടാതെ കോടിയേരി വാഹനത്തിലും പിണറായി പിന്നാലെയുമായി ഇങ്ങനൊരുയാത്ര. മേൽക്കുട ചൂടി ജ്വലിച്ചുനിന്ന കന്നിവെയിൽ ചുവട്ടിൽ കോടിയേരിയുടെ ശവമഞ്ചം പിണറായി ചുമന്നു. കടൽക്കാറ്റിൽ ചിത ആളിയപ്പോൾ ആ സാഗരമിളകി. ഇനിയൊരു ഒന്നിച്ചുനടക്കലും ഭാരം പങ്കിടലും ഉണ്ടാകില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top