25 April Thursday

ഇനി യാത്രാസൗകര്യങ്ങളുടെ ഹബ്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

കൊച്ചി> വിവിധ ഗതാഗതപദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ യാത്രാസൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി ചമ്പക്കര കനാലിനുകുറുകെ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കൊച്ചി മെട്രോ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഗതാഗത ഉപാധിമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ജീവിതരേഖകൂടിയാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ടാംഘട്ടംകൂടി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ മുഖച്ഛായ മാറും.

പൊതുജനങ്ങള്‍ക്ക് സംയോജിത ഗതാഗതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍ നല്‍കാൻ വാട്ടര്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നു. അടുത്തവര്‍ഷം ആദ്യത്തോടെ യാത്ര ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ദ്വീപുനിവാസികളും പുരോഗമനത്തിന്റെ പാതയിലെത്തും. യന്ത്രേതരയാത്രയ്ക്കുള്ള മാസ്റ്റര്‍ പ്ലാനും കെഎംആര്‍എല്‍ തയ്യാറാക്കുന്നുണ്ട്. മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തില്‍ മികച്ച കാല്‍നടപ്പാതകള്‍, സൈക്കിള്‍പാതകള്‍, ഓട്ടോമാറ്റിക് സൈക്കിള്‍ പാര്‍ക്കിങ് സൗകര്യം എന്നിവ പൂര്‍ത്തിയാകുന്നതോടെ വീടിനടുത്തുവരെ ഗതാഗതസൗകര്യം എത്തും.

വിദേശമാതൃകയില്‍ കൊച്ചിയിലെ കനാലുകള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് കെഎംആര്‍എലിനാണ്. ഇടപ്പള്ളി, ചിലവന്നൂര്‍, തേവര–--പേരണ്ടൂര്‍, തേവര, മാര്‍ക്കറ്റ്, കോന്തുരുത്തി കനാലുകളുടെ പുനരുജ്ജീവനമാണ് നടപ്പാക്കുന്നത്. 1400 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ കനാലുകളുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top