29 March Friday

ഉന്നതവിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പരിഷ്‌കരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യാതിഥി സ്റ്റീഫൻ ദേവസി, മന്ത്രി സജി ചെറിയാൻ എന്നിവർ സംഭാഷണത്തിൽ


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്ക്‌ സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്ക്‌ സർക്കാർ തുടക്കമിടും. ദേശീയ, രാജ്യാന്തര റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ്. ഇതിന്‌ മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ച്‌ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും.

ആധുനിക കാലത്തിനൊത്ത കോഴ്സുകൾ ആരംഭിക്കണം. മികച്ച ലൈബ്രറിയും ലബോറട്ടറിയും ഹോസ്റ്റലുകളും വരണം. അതുവഴി ഓരോ വിദ്യാഭ്യാസ സ്ഥാപനവും രാജ്യത്തെ ഏറ്റവും മികച്ച പത്തിൽ ഒന്നായും ലോകത്തെ മികച്ച 100 സ്ഥാപനത്തിലൊന്നായും മാറേണ്ടതുണ്ട്. അങ്ങനെയായാൽ കോഴ്സുകൾതേടി മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കുട്ടികൾ പോകുന്ന സ്ഥിതി മാറി വിദേശത്തുനിന്നുപോലും കുട്ടികൾ പഠനത്തിനായി ഇവിടേക്കെത്തുന്ന സ്ഥിതി വരും. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ബോർഡ് അംഗങ്ങളായ വി കെ സനോജ്‌, എസ്‌ കവിത, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കേരളോത്സവം:  12 വരെ രജിസ്‌റ്റർ ചെയ്യാം
കോവിഡ്‌ സാഹചര്യത്തിൽ പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ്‌ ഇത്തവണത്തെ കേരളോത്സവം.  മത്സരാർഥികൾക്ക്‌ നേരിട്ട്‌ ജില്ലകളിലേക്ക്‌ മത്സരിക്കാം. 12 വരെ കേരളോത്സവ മത്സരങ്ങളുടെ രജിസ്‌ട്രേഷനും വീഡിയോ അപ്‌ലോഡിങ്ങിനും അവസരമുണ്ട്‌. ജില്ലാ-, സംസ്ഥാനതലത്തിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടുന്നവർക്ക്‌ പ്രൈസ്‌മണി, സർട്ടിഫിക്കറ്റ്‌ എന്നിവ നൽകും. മത്സരഫലങ്ങൾ യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റ്‌, കേരളോത്സവം വെബ്‌ ആപ്ലിക്കേഷൻ എന്നിവയിലൂടെയാണ്‌  പ്രസിദ്ധീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.keralotsavam.com.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top