തിരുവനന്തപുരം > തന്റെ നട്ടെല്ലൊടിക്കാൻ കോൺഗ്രസിലെ വലിയ നേതാവ് ഒരുപാട് നോക്കിയതാണെന്നും, ഇപ്പോഴും നിവർന്ന് തന്നെയാണ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് അത് ഏൽപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അതിന് ശേഷം കണ്ട്, മർദ്ദിച്ച കാല് ഉയർത്തിപ്പിടിച്ചാണ് താൻ സംസാരിച്ചതെന്നും അടിയന്തരാസ്ഥ കാലത്തെ ഓർത്തെടുത്ത് പി ടി തോമസിന് മുഖ്യമന്ത്രി മറുപടി നൽകി.
റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട, പി ടി തോമസിനോട് മുഖ്യമന്ത്രി.
ആരുടെ മുന്നിലും തല ഉയർത്തി നിന്ന് പറയാൻ ഉള്ള മനക്കരുത്ത് ഈ നെഞ്ചിൽ ഉണ്ട്. തന്‍റെ കൈകൾ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആർ ഏജൻസികൾ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയിൽ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സിൽ വച്ചാൽ മതി. ഇപ്പൊ നട്ടെല്ല് ഉയർത്തിയാണ് നിൽക്കുന്നത്.
ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങൾക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്‌ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്‌തിട്ടുമില്ല. ഞങ്ങൾക്ക് ഞെളിഞ്ഞ് ഇരിക്കാൻ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരൽ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്, എന്ന് മുഖ്യമന്ത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..