20 April Saturday

മലബാറിലും തിരുവിതാംകൂറിലും "പട്ടി' എന്നാൽ ഒന്നുതന്നെ; സംസ്‌കാരം ജനങ്ങൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

തിരുവനന്തപുരം > അധിക്ഷേപ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സംസ്‌കാരം ജനങ്ങൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന്‌ മലബാറിലും തിരുവിതാംകൂറിലും ഒരു അർത്ഥമാണുള്ളത്‌. അയാൾ, ഇയാൾ തുടങ്ങിയ വിശേഷണങ്ങൾക്കാണ്‌ വടക്കും തെക്കുമെല്ലാം വ്യത്യാസമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം അധിക്ഷേപ വാക്കുകൾക്കെല്ലാം കേസ്‌ എടുക്കുന്നത്‌ സർക്കാരിന്റെ താൽപര്യത്തിലുള്ള കാര്യമല്ല. ഓരോരുത്തരും അവരവരുടെ സംസ്‌കാരം അനുസരിച്ചാണ്‌ സംസാരിക്കുക. അത്‌ ജനങ്ങൾ വിലയിരുത്തും. നിരന്തരമായി വ്യക്തിപരമായി ആക്ഷേപിക്കുന്നത്‌ അദ്ദേഹത്തിന്‌ എന്തെങ്കിലും വിഷമം ഉള്ളതുകൊണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതിയിൽ കല്ലിനോടല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഒരു വികസന പദ്ധതി ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല എന്നതാണ്‌ അവർ പറയുന്നത്‌. ഏത്‌ പദ്ധതിയിലും എതിരായി ചില നിക്ഷിപ്‌ത താൽപര്യക്കാർ വരാറുണ്ട്‌. ഇവിടെ പ്രതിപക്ഷം ഒന്നാകെയാണ്‌ അതിന്റെ അവകാശം ഏറ്റെടുത്തിരിക്കുന്നത്‌. സാമ്പത്തികസ്ഥിതി മെച്ചമല്ല എന്നതുകൊണ്ട്‌ വികസന പദ്ധതികൾ വേണ്ടെന്ന്‌ വയ്‌ക്കാൻ ഒരിടത്തും കഴിയില്ല. വികസന പദ്ധതികൾ വരുന്നതോടെയാണ്‌ സാമ്പത്തിക നില മെച്ചപ്പെടുന്നത്‌. സംസ്ഥാനത്തെ വികസന കാര്യങ്ങൾക്ക്‌ കേന്ദ്രം ആവശ്യമായ സഹകരണം നൽകണമെന്നതാണ്‌ സർക്കാരിന്റെ താൽപര്യം.

പ്രതിപക്ഷ പ്രതിഷേധത്തോടൊപ്പമല്ല ജനങ്ങൾ എന്നാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌. സിൽവർ ലൈനിനെതിരായ പ്രതിപക്ഷ പ്രതിഷേധം നടന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു. തൃക്കാക്കരയിൽ കെ വി തോമസിന്റെ വരവ്‌ എൽഡിഎഫിന്‌ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top