07 February Tuesday

സുധാകരൻ നെഹ്‌റുവിനെ ചാരി ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോൺഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

തിരുവനന്തപുരം > നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. "വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽനെഹ്റുവിന്റേതെ"ന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്‌മ‌രിക്കുന്ന ശിശുദിനത്തിൽ. ആർഎസ്എസിനെ വെള്ള പൂശുന്നതിൽഎന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽനെഹ്‌റുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്." മറ്റൊരു കത്തിൽ, ആർഎസ്എസ് ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽഅകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ: " ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.  നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം." എന്നാണ് നെഹ്‌റു എഴുതിയത്.

ആർട്ടിക്കിൾ 370 നെ എതിർത്ത് 1953 ൽകശ്‌മീരിൽ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്‌തുത പോലും  ഒരു സംസ്ഥാനത്തെ കോൺഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത്  അത്ഭുതകരമാണ്. കോൺഗ്രസ്സിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ്സ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖർജിയെയും ഡോക്‌ടർ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്‌ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്‌തികളെ ജവഹർലാൽ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസ്സുകാർക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആർഎസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്‌റുവിനെ ആർഎസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർഎസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസ്സിന്റെ നയം എന്ന് അവർതന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top