എറണാകുളം > പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസർ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയുടെ ആരോഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോഗ്യരംഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സർക്കാർ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ ആരോഗ്യമേഖല നേടി. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതർക്കുള്ള സേവനത്തിന് ലഭിച്ച പുരസ്കാരം. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമായും കേരളം മാറി.
ആർദ്രം മിഷനിലുടെ പൊതുജനാരോഗ്യകേന്ദ്രങ്ങളെ രോഗീസൗഹൃദമാക്കാൻ കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ പല രീതിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കി. മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇവയൊക്കെ കാരണം സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്നവയായി സർക്കാർ ആശുപത്രികൾ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..