27 April Saturday

പൊലീസിന്റെ ആദ്യചിത്രങ്ങളിൽ ഗാന്ധിചിത്രം ചുവരിൽതന്നെയുണ്ട്‌; എം പി ഓഫീസ്‌ ആക്രമണത്തിൽ അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തിരുവനന്തപുരം> വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ  പോലീസ് അന്വേഷണം നടക്കുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഓഫീസിൽ അക്രമം നടന്ന ദിവസം പൊലീസ്‌ ഫോട്ടോഗ്രാഫർ പകർത്തിയ ആദ്യചിത്രങ്ങളിൽ ഗാന്ധിയുടെ ചിത്രം ചുവരിൽ യഥാസ്‌ഥാനത്തുണ്ടായിരുന്നതായും മുഖ്യമന്ത്രി വ്യക്‌തമാക്കി. അക്രമം സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ടെന്നും  വി ജോയി എംഎല്‍എയുടെ സബ്‌മിഷന്  മറുപടിയായി  മുഖ്യമന്ത്രി പറഞ്ഞു.

വയനാട് എം പിയുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എംപിയുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിൽ  കല്‍പ്പറ്റ പോലീസ് നേരിട്ടും എം പി   ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലുമായി  രണ്ട്‌ കേസുകൾ  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.
 
സംഭവദിവസമായ ജൂൂൺ 24ന്‌  വൈകുന്നേരം 3.54 ഓടെ എംപിയുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കി യിരുന്നു. അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.  മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.
 
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത്  മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത്  വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top