29 November Tuesday

ഫെഡറലിസം കാക്കാൻ ഐക്യനിര

സ്വന്തം ലേഖകൻUpdated: Sunday Oct 2, 2022

തിരുവനന്തപുരം
ഫെഡറലിസത്തിന്റെ ചുവട്ടിൽ കത്തിവയ്‌ക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ ഐക്യനിരയിൽ അതിർത്തികൾ മാഞ്ഞില്ലാതായി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട്‌, കേരള മുഖ്യമന്ത്രിമാർ ഒരുവേദിയിലെത്തി. സിപിഐ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌  ‘ഫെഡറലിസവും കേന്ദ്ര–- സംസ്ഥാനങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഇരുവരും വീണ്ടും കൈകോർത്തത്‌.

ഒന്നിച്ച്‌ പോരാടണം: സ്റ്റാലിൻ
|
തിരുവനന്തപുരം
സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്‌ ഏകാധിപത്യ, വർഗീയ നിലപാടുകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച്‌ പോരാടണമെന്ന്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ഫെഡറലിസം, സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം, സോഷ്യലിസം, സാഹോദര്യം എന്നിവ രാജ്യം മുഴുവൻ നിലനിൽക്കാൻ ശബ്ദം ഉയർത്തണം. ഇതിനായി ദേശീയതലത്തിൽ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. എല്ലാ സംസ്ഥാനത്തും ഈ ഐക്യം ഉണ്ടാകണം.  

ശക്തമായ സംസ്ഥാനങ്ങളാണ് ഫെഡറലിസത്തിന്റെ അടിത്തറയെന്ന് ഇ എം എസ് ഓർമപ്പെടുത്തിയിരുന്നു. ഭരണഘടന തയ്യാറാക്കിയവരും ഫെഡറലിസത്തിൽ ഊന്നിയ ഭരണത്തെയാണ് പിന്തുണച്ചിരുന്നത്. സമവർത്തി പട്ടികയെ പൂർണമായും കേന്ദ്ര ലിസ്റ്റായി മാറ്റി. കേന്ദ്ര വിദ്യാഭ്യാസ നയമെന്ന പേരിൽ പൂർണമായും കാവിവൽക്കരിക്കപ്പെട്ട, ഹിന്ദി അടിച്ചേൽപ്പിക്കുന്ന നയമാണ് നടപ്പാക്കുന്നത്‌.

ഗവർണറെ വച്ച് ഇരട്ട ഭരണത്തിനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ ഉന്നയിച്ച്‌ കത്തെഴുതിയാൽ മറുപടിപോലും നൽകുന്നില്ല. ഇതിനെതിരെ നാം മുദ്രാവാക്യം ഉയർത്തുന്നത് രാഷ്ട്രീയം മാത്രമല്ല, സംസ്ഥാനങ്ങളെ സംരക്ഷിക്കാൻ കൂടിയാണ്.  സംസാരിച്ചിരിക്കേണ്ട സമയവുമല്ല പ്രവർത്തിക്കേണ്ട ഘട്ടമാണ് ഇത്‌. അതുവരെ വിശ്രമിക്കാൻ സമയമില്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

അധികാരം കവരുന്നു: പിണറായി


സ്വന്തം ലേഖകൻ

തിരുവനന്തപുരം
സംസ്ഥാനങ്ങളുടെ നിലവിലുള്ള അധികാരങ്ങൾപോലും കേന്ദ്ര സർക്കാർ കവരുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫെഡറൽ സംവിധാനത്തോടുള്ള കോൺഗ്രസിന്റെ നിഷേധാത്മക നിലപാട്‌ കൂടുതൽ ശക്തമായി നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌.
ബിജെപിയെ നയിക്കുന്ന ആർഎസ്‌എസ്‌, ഫെഡറൽ സംവിധാനത്തെ തുടക്കംമുതൽ എതിർത്തിട്ടുണ്ട്‌. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനെതിരെ നിലകൊണ്ടു. പാർലമെന്ററി രീതിക്കുപകരം പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പാണ്‌ അവർ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. കേന്ദ്ര–- സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം അവരുടെ അജൻഡയിലില്ല.

ഓരോ പരിഷ്‌കാരവും അതിനെ ദുർബലപ്പെടുത്താനും തകർക്കാനും ഉദ്ദേശിച്ചുള്ളതാണ്‌. വിഭവ വിന്യാസത്തിന്റെ ഏറ്റവും പ്രധാന ഏജൻസിയായ ആസൂത്രണ കമീഷനെത്തന്നെ ഇല്ലാതാക്കി. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ആസൂത്രണം മുടക്കി. പദ്ധതി ധനസഹായംപോലും ഇല്ലാതാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഗണ്യമായി വെട്ടിക്കുറച്ചു.

ജമ്മു കശ്‌മീരിനെ രണ്ടായി വിഭജിച്ചതോടെ സംസ്ഥാനത്തിന്റെ സവിശേഷാധികാരങ്ങൾ കവർന്നു. ജനാധിപത്യപരമായി പുനക്രമീകരിക്കാത്തതിന്റെ വലിയ പ്രശ്‌നം അനുഭവിക്കുന്ന സംസ്ഥാനമായി കേരളം മാറി. ജനസംഖ്യാനുപാതികമായി നികുതിവിഹിതംപോലും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top